കന്നട രാജ്യോത്സവം; സർക്കാർ സ്കൂളുകൾക്ക് വൈദ്യുതിയും വെള്ളവും സൗജന്യമാക്കും -മുഖ്യമന്ത്രി
text_fieldsശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ കന്നട രാജ്യോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും സല്യൂട്ട് സ്വീകരിക്കുന്നു
ബംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകൾക്കും വൈദ്യുതിയും വെള്ളവും സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പ്രഖ്യാപിച്ചു. കർണാടക സംസ്ഥാനം രൂപവത്കരിച്ച ദിനമായ നവംബർ ഒന്നിന് 68ാം കന്നട രാജ്യോത്സവ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്നട മാധ്യമമായ സ്കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ നിരവധി നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സൗജന്യ വൈദ്യുതിയും വെള്ളവും നൽകുന്നത്. മത്സര പരീക്ഷകൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമേ എഴുതാൻ കഴിയൂ എന്ന കേന്ദ്ര സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സര പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്തിയാൽ പോര. നമ്മുടെ കുട്ടികൾക്ക് അവർക്കറിയാവുന്ന ഭാഷയിൽ പരീക്ഷ എഴുതാൻ കഴിയണം. ഇതിനായി പ്രധാനമന്ത്രിക്ക് കത്തെഴുതും.
ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കന്നട രാജ്യോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽനിന്ന്
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നവർ മാത്രമാണ് കഴിവുള്ളവരെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിലുണ്ട്. ഇത് ഖേദകരമാണ്. കന്നഡ മീഡിയത്തിൽ പഠിച്ച നിരവധി പ്രഗല്ഭരായ ശാസ്ത്രജ്ഞരെ സംസ്ഥാനം സൃഷ്ടിച്ചിട്ടുണ്ട്. കർണാടകയിൽ ജീവിക്കുന്ന നിരവധിപേർക്ക് കന്നട ഭാഷ അറിയില്ല. സംസ്ഥാനത്തിന്റെ ഭരണഭാഷയാണ് കന്നട. ഇതിനാൽ ആശയവിനിമയം കന്നട ഭാഷയിലാകണം. എല്ലാ ഭാഷകളെയും നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്. എന്നാൽ കർണാടകയിൽ നിർബന്ധമായും കന്നട ഉപയോഗിക്കണം. എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം.
വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ്
തങ്ങളുടെ കുട്ടിയെ ഏത് ഭാഷയിൽ പഠിപ്പിക്കണമെന്നത് രക്ഷിതാക്കളുടെ തീരുമാനമാണെന്നും അതിനവർക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ മാതൃഭാഷയിൽ പഠിപ്പിക്കുമ്പോൾ അത് ശാസ്ത്രീയമായാണെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും സിദ്ദരാമയ്യ പറഞ്ഞു. കന്നട രാജ്യോത്സവദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകക്കും ജനങ്ങൾക്കും ആശംസകൾ നേർന്നു. കർണാടകക്ക് എല്ലാ പുരോഗതിയും ഉണ്ടാകട്ടെയെന്ന് മോദി എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

