ഭുവനേശ്വരി ദേവിയുടെ വെങ്കല പ്രതിമ നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ
text_fieldsബെംഗലൂരു: സ്കൂൾ പാഠപുസ്തകങ്ങളിൽ സംസ്ഥാന പതാകയ്ക്ക് പകരം ഭുവനേശ്വരി ദേവിയെ കാവി പതാകയിൽ ചിത്രീകരിച്ചതിന് വിമർശനം നേരിട്ട കർണാടക സർക്കാർ പുതിയ സംരംഭവുമായി വീണ്ടും രംഗത്ത്. ബെംഗളൂരു സർവകലാശാല കാമ്പസിൽ ഭുവനേശ്വരി ദേവിയുടെ 30 അടി നീളമുള്ള വെങ്കല പ്രതിമ നിർമിക്കാനാണ് ബി.ജെ.പി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭുവനേശ്വരി ദേവിയെ കന്നഡയുടെ അമ്മയായും സംസ്ഥാന ദേവതയായും ആയാണ് കണക്കാക്കുന്നത്. ഉത്തര കന്നഡ ജില്ലയിലെ സിദ്ധപുര മേഖലയിൽ അവരുടെ പേരീൽ ക്ഷേത്രമുണ്ട്.
സാംസ്‌കാരിക വകുപ്പ് മന്ത്രി വി സുനിൽ കുമാറാണ് കഴിഞ്ഞ ദിവസം കന്നഡ സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ദേവിയുടെ പ്രതിമ നിർമിക്കാനുള്ള തീരുമാനം അറിയിച്ചത്. കർണാടകയുടെ ചരിത്രത്തിലാദ്യമായി കലാഗ്രാമത്തിൽ ഭുവനേശ്വരി ദേവിയുടെ വെങ്കല പ്രതിമ സ്ഥാപിക്കും. അടുത്ത പുതുവർഷത്തിൽ പ്രതിമ പൊതുജനങ്ങൾക്കായി സമർപ്പിക്കും" -മന്ത്രി പറഞ്ഞു.
അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാരിന്റെ തന്ത്രപരമായ നീക്കമാണിതെന്നാണ് വിലയിരുത്തൽ. പ്രതിമയ്ക്ക് രണ്ട് കോടിയോളം രൂപ ചെലവ് വരുമെന്ന് സുനിൽകുമാർ പറഞ്ഞു. ജ്ഞാനഭാരതി കാമ്പസിലെ കലാഗ്രാമത്തിൽ അര ഏക്കർ സ്ഥലത്ത് സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ വശങ്ങൾ പ്രതിപാദിക്കുന്നതായിരിക്കും ഇത്.
മൂന്നു മാസത്തിനകം പ്രതിമ നിർമാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന രൂപീകരണ മാസമായി ആഘോഷിക്കുന്ന നവംബറിൽ പ്രതിമയുടെ നിർമ്മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

