കന്നട ഭാഷ ബോർഡ്; ഓർഡിനൻസിനെ ചൊല്ലി വിവാദം
text_fieldsഡി.കെ. ശിവകുമാർ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട്
ബംഗളൂരു: കർണാടകയിലെ നെയിം ബോർഡുകളിൽ 60 ശതമാനം കന്നട നിർബന്ധമാക്കുന്ന നിയമം ഓർഡിനൻസിലൂടെ കൊണ്ടുവരാനുള്ള സിദ്ധരാമയ്യ സർക്കാറിന്റെ നീക്കത്തിന് താൽക്കാലികമായി തടയിട്ട് ഗവർണർ താവർചന്ദ് ഗെഹ്ലോട്ട്.
ഗവർണർ ഓർഡിനൻസ് നിരസിച്ചെന്ന വാദവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപണമുന്നയിച്ചതിന് പിന്നാലെ വിശദീകരണവുമായി രാജ്ഭവനിലെ ഗവർണറുടെ ഓഫിസും രംഗത്തുവന്നു. ഗവർണർ ഓർഡിനൻസ് നിരസിച്ചിട്ടില്ലെന്നും നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് മടക്കുകയായിരുന്നെന്നുമാണ് വിശദീകരണം.
ചുരുക്കത്തിൽ, നിയമസഭ സമ്മേളനത്തിനുമുമ്പ് കന്നട ഭാഷ നിയമം കൊണ്ടുവരാനുള്ള കോൺഗ്രസ് സർക്കാറിന്റെ ശ്രമം ഗവർണർ തടയുകയായിരുന്നു. കന്നട ഭാഷ നിയമത്തിന്റെ കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി-എസും എതിർപ്പ് പ്രകടിപ്പിക്കില്ലെന്നിരിക്കെ, നിയമം കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് കോൺഗ്രസ് സർക്കാറിന് മാത്രമായി ചുരുങ്ങുന്നത് തടയുകയാണ് ഗവർണറുടെ നടപടിക്കു പിന്നിലെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
കർണാടകയിലെ നെയിം ബോർഡുകളിൽ കന്നട ഭാഷക്ക് പ്രാമുഖ്യം ലഭിക്കണമെന്ന ആവശ്യവുമായി കുറച്ചുകാലമായി കന്നട അനുകൂല സംഘടനകൾ രംഗത്തുണ്ട്. പല തവണ ഇതു സംബന്ധിച്ച നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നെങ്കിലും അവയൊന്നും ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല.
കഴിഞ്ഞ ഡിസംബറിൽ ഇതുസംബന്ധിച്ച് ബി.ബി.എം.പി നിർദേശം പുറപ്പെടുവിച്ചതിനു പിന്നാലെ കന്നട രക്ഷണ വേദികെ പ്രവർത്തകർ നഗരത്തിൽ അഴിഞ്ഞാടിയിരുന്നു. കന്നട ഭാഷ നിബന്ധന പാലിക്കാത്ത കടകളുടെ ബോർഡുകൾ തകർത്തും കടയുടമകളെ ഭീഷണിപ്പെടുത്തിയും നിയമം കൈയിലെടുത്ത അക്രമികൾ പല സ്ഥാപനങ്ങൾക്കും നാശനഷ്ടം വരുത്തി. ഈ സംഭവത്തിൽ കന്നട രക്ഷണ വേദികെ നേതാവടക്കം 39 പേർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഇതിനുപിന്നാലെയാണ് ഇതുസംബന്ധിച്ച നിയമം ഓർഡിനൻസിലൂടെ കൊണ്ടുവരാൻ സിദ്ധരാമയ്യ സർക്കാർ തീരുമാനിച്ചത്. ‘കർണാടക ഭാഷ സമഗ്ര അഭിവൃദ്ധി അധ്യദേശ 2024’എന്നപേരിൽ ഓർഡിനൻസിന് അനുമതി നൽകിയ മന്ത്രിസഭ യോഗം ഓർഡിനൻസ് ഗവർണർക്ക് അയക്കുകയായിരുന്നു.
സാധാരണ ഗതിയിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിൽവരും. പിന്നീട് ആറു മാസത്തിനകം ഇതു സംബന്ധിച്ച ബിൽ നിയമസഭയിലും ഉപരിസഭയായ നിയമനിർമാണ കൗൺസിലിലും പാസാക്കിയെടുത്താൽ മതി.
നിയമസഭ സമ്മേളനത്തിനും നിയമനിർമാണ കൗൺസിൽ സമ്മേളനത്തിനും വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ ഓർഡിനൻസ് ബില്ലായി ഇരുസഭയിലും പാസാക്കണമെന്നാവശ്യപ്പെട്ടാണ് ഓർഡിനൻസ് തിരിച്ചയച്ചതെന്നാണ് ഗവർണറുടെ വാദം. ഫെബ്രുവരി 12ന് നിയമസഭ സമ്മേളനം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

