Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'തമ്പി' വിജയ്‌യുടെ പ്രചാരണം ഭയം മൂലം; ഉപതെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ പോര് കടുപ്പിച്ച് കനിമൊഴി

text_fields
bookmark_border
തമ്പി വിജയ്‌യുടെ പ്രചാരണം ഭയം മൂലം; ഉപതെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ പോര് കടുപ്പിച്ച് കനിമൊഴി
cancel
camera_alt

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, കനിമൊഴി കരുണാനിധി

തൂത്തുക്കുടി: മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിൽ നടത്തുന്ന വീടുവീടാന്തരമുള്ള തീവ്ര പ്രചാരണം അദ്ദേഹത്തിന്റെ പരാജയഭീതിയെയും ആശങ്കയെയുമാണ് വ്യക്തമാക്കുന്നതെന്ന് ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ കനിമൊഴി കരുണാനിധി. ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ വിജയ് നേരത്തെ ‘സ്വീറ്റ് അങ്കിൾ’ എന്ന് വിശേഷിപ്പിച്ചതിനെ പരിഹസിച്ചുകൊണ്ട്, വിജയിയെ ‘തമ്പി’ (അനിയൻ) എന്ന് വിശേഷിപ്പിച്ചായിരുന്നു കനിമൊഴിയുടെ മറുപടി.

തൂത്തുക്കുടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ധാരാപുരം, മധുരാന്തകം ഉപതെരഞ്ഞെടുപ്പുകളിൽ ജനങ്ങളെ വഞ്ചിക്കുകയും ജനാധിപത്യത്തെ തകർക്കുകയും ചെയ്ത തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്നും നീതിക്കൊപ്പം നിൽക്കുന്നവർക്ക് വോട്ട് ചെയ്യുമെന്നും കനിമൊഴി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ടി.വി.കെ ഭാരവാഹികൾ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതായി ഇടതുപക്ഷ പാർട്ടി നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ കനിമൊഴി, അഴിമതിരഹിത ശുദ്ധ രാഷ്ട്രീയ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന പാർട്ടിയെയും അവരുടെ സർക്കാറിനെയും, നിലവിൽ അവരെ പിന്തുണക്കുന്ന ഇടതുപക്ഷ പാർട്ടികൾ പോലും വിമർശിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണെന്ന് വോട്ടർമാർ മനസ്സിലാക്കണമെന്ന് കനിമൊഴി പറഞ്ഞു.

പൊതുവേദികളിൽ മാത്രം അഴിമതിരഹിത ഭരണത്തെക്കുറിച്ച് സംസാരിച്ചാൽ പോരെന്നും അത് പ്രവൃത്തിയിൽ കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിജയ് ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും കുറ്റകൃത്യങ്ങൾ വർധിച്ച് ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്നും കനിമൊഴി ആരോപിച്ചു. പുതിയ വികസന പദ്ധതികൾ കൊണ്ടുവരാനോ വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കാനോ സർക്കാറിന് സാധിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ധാരാപുരത്തും മധുരാന്തകത്തും ഡി.എം.കെ സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പണം പോലും ലഭിക്കില്ലെന്ന തൃച്ചി എം.പി ദുരൈ വൈകോയുടെ പ്രസ്താവനക്കും കനിമൊഴി മറുപടി നൽകി. ദുരൈ വൈകോ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഡി.എം.കെയുടെയും പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനം കൊണ്ടാണെന്ന വസ്തുത അദ്ദേഹം മറക്കരുതെന്ന് കനിമൊഴി ഓർമ്മിപ്പിച്ചു.

അതേസമയം, ധാരാപുരത്തെ ടി.വി.കെ സ്ഥാനാർഥി സത്യഭാമയെ എം.കെ. സ്റ്റാലിൻ ബോഡി ഷെയിമിങ് നടത്തിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് കനിമൊഴി രോഷത്തോടെയാണ് പ്രതികരിച്ചത്. സ്റ്റാലിൻ ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുന്ന തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്ന നേതാവല്ലെന്നും വ്യക്തിപരമായി സ്റ്റാലിനെ അറിയാമെന്നും അവർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanimozhi Mocks Vijay as ‘Thambi’, Claims Fear of Defeat
Next Story