കനയ്യ ലാലിന്റെ കൊലപാതകികൾ സഞ്ചരിച്ചത് 26-11 നമ്പർ പ്ലേറ്റുള്ള ബൈക്കിലെന്ന് പൊലീസ്
text_fieldsജയ്പൂർ: രാജസ്ഥാനിൽ കനയ്യ ലാലിനെ വധിച്ചതിന് ശേഷം പ്രതികൾ രക്ഷപ്പെട്ടത് 26-11 എന്ന നമ്പറിലുള്ള ബൈക്കിലെന്ന് പൊലീസ്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കൊലപാതകത്തിന് ശേഷം മുഹമ്മദ് റിയാസ് അക്തർ, ഗൗസ് മുഹമ്മദ് എന്നിവർ 26-11 എന്ന നമ്പറുള്ള ബൈക്കിലാണ് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുംബൈ ഭീകരാക്രമണത്തെ അനുസ്മരിക്കുന്നതാണ് ഇവരുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റെന്നാണ് പൊലീസ് വാദം.
ഈ നമ്പർ പ്ലേറ്റിനായി പ്രതികളിലൊരാൾ 5000 രൂപ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു. കൊലപാതകം നടക്കുന്ന സമയത്ത് ബൈക്ക് സ്റ്റാർട്ടാക്കി നിർത്തിയിരിക്കുകയായിരുന്നുവെന്നും കൃത്യത്തിനു ശേഷം പ്രതികൾ ഉടൻ രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കുന്നു.
ചൊവ്വാഴ്ചയാണ് കനയ്യ കൊല്ലപ്പെടുന്നത്. രണ്ടുപേർ കടയിൽ കയറി കനയ്യയെ വെട്ടിക്കൊല്ലുകയും കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളായ റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നിവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. കേസ് എൻ.ഐ.എക്ക് കൈമാറി.