മുംബൈ: തന്റെ മുബൈയിലെ ഓഫീസ് ബി.എം.സി അധികൃതര്‍ പൊളിച്ചു നീക്കിയതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ നടി രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര സർക്കാർ സിനിമാ മാഫിയയുമായി ചേർന്ന് തന്നോട് പ്രതികാരം ചെയ്യുകയാണെന്നാണ് കങ്കണയുടെ ആരോപണം.
'ഉദ്ധവ് താക്കറെ എന്താണ് കരുതിയത്? ഫിലിം മാഫിയക്കൊപ്പം ചേര്‍ന്ന് എന്റെ വീട് പൊളിച്ചു നീക്കി എന്നോട് പ്രതികാരം ചെയ്തെന്നോ? 'ഇന്ന് നീ എന്റെ വീട് പൊളിച്ചു. നാളെ നിന്റെ ധാര്‍ഷ്ട്യവും ഇതുപോലെ തകരും' കങ്കണ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. വിഡിയോയിൽ ഉടനീളം മുഖ്യമന്ത്രിയെ നീ എന്നാണ് കങ്കണ സംബോധന ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
'ഒരു നല്ല കാര്യമാണ് ചെയ്തത്, കശ്മീരി പണ്ഡിറ്റുകള്‍ എന്തിലൂടൊക്കെയാണ് കടന്നു പോയതെന്ന് എനിക്കിപ്പോള്‍ മനസ്സിലാക്കാം, അയോധ്യയെക്കുറിച്ച് മാത്രമല്ല, കശ്മീരിനെക്കുറിച്ചും ഒരു സിനിമ ചെയ്യുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പു നല്കുന്നു,' കങ്കണ വിഡിയോയില്‍ പറഞ്ഞു.
ബി.എം.സിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കങ്കണയുടെ അഭിഭാഷകന് റിസ്വാന് സിദ്ദിഖി അറിയിച്ചു.'ഇത് പ്രതികാരമാണ്. അവരുടെ വ്യക്തിപരമായ അജണ്ടകളുടെ ഭാഗമാണ്. ബി.എം.സിക്കെതിരെ ഞങ്ങള്‍ നിയമ നടപടി സ്വീകരിക്കും,' റിസ്വാന് സിദ്ദിഖി പറഞ്ഞു.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണു കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ പോര് ഉടലെടുത്തത്. നടിയുടെ ബംഗ്ലാവിനോട് ചേർന്നുള്ള അനധികൃത നിർമാണം മുംബൈ കോർപ്പറേഷൻ ഇന്ന് ഇടിച്ചുനിരത്തിയിരുന്നു. കങ്കണയുടെ ഹർജിയിൽ, കെട്ടിടം പൊളിക്കുന്നതു മുംബൈ ഹൈകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് പൊളിക്കൽ നടപടികൾ നിർത്തിവച്ചു. കങ്കണയുടെ പരാതിയിൽ വിശദീകരണം നൽകാനും മുംബൈ കോർപറേഷനോട് കോടതി ആവശ്യെപ്പട്ടിട്ടുണ്ട്.
तुमने जो किया अच्छा किया 🙂#DeathOfDemocracy pic.twitter.com/TBZiYytSEw
— Kangana Ranaut (@KanganaTeam) September 9, 2020