വിക്കിയേക്കാൾ അഞ്ച് വയസ് അധികമുള്ള കത്രീന; പ്രതികരണവുമായി കങ്കണ
text_fieldsബോളിവുഡ് താരങ്ങളായ കത്രീന കൈഫ്- വിക്കി കൗശൽ വിവാഹം ഏറെ ചർച്ചയായിരിക്കുകയാണല്ലോ. സമൂഹമാധ്യമങ്ങളിലും ഇതിന്‍റെ അലയൊലികൾ കാണാം. വലതുപക്ഷ-ബി.ജെ.പി അനുഭാവിയും നടിയുമായ കങ്കണ റണാവത്തും ഇവരുടെ വിവാഹത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്. കത്രീനയുടെ വിവാഹം ചിത്രീകരിക്കാനുള്ള അനുമതി 100 കോടി രൂപക്കാണ് ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം കരാർ എടുത്തിരിക്കുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
അതിനിടെയാണ് തന്നേക്കാൾ അഞ്ച് വയസ് പ്രായക്കുറവുള്ള വിക്കിയുമായുള്ള വിവാഹവും ചർച്ചയായിരിക്കുന്നത്. ഇതിനെ സംബന്ധിച്ചാണ് കങ്കണയുടെ പ്രതികരണം. ജെൻഡർ സ്റ്റീരിയോടൈപ്പുകളെ കാറ്റിൽ പറത്തി വിവാഹിതരാകുന്ന കത്രീനയ്ക്കും വിക്കിക്കും ആശംസകൾ നേരുന്നതായി കങ്കണ അറിയിച്ചു.
ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചും അതിനെ വകവെക്കാതെ വിവാഹിതരാകുന്ന കത്രീനയെയും വിക്കിയെയും കുറിച്ചുമാണ് കങ്കണയുടെ പോസ്റ്റ്. ജീവിതവിജയം വരിച്ച സമ്പന്നരായ പുരുഷന്മാർ വളരെ ചെറുപ്പക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന കഥകൾ ധാരാളം കേട്ടിട്ടുണ്ടെന്നു പറഞ്ഞാണ് കങ്കണ കുറിപ്പ് ആരംഭിക്കുന്നത്. ഭർത്താവിനേക്കാൾ വിജയം വരിച്ച ഭാര്യ എന്നത് പ്രധാന പ്രശ്നമായാണ് കണ്ടിരുന്നത്.
ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്ക് തന്നേക്കാൾ ഇളയ പുരുഷന്മാരെ വിവാഹം കഴിക്കുന്നത് സാധ്യമല്ലായിരുന്നു. സമ്പന്നയായ ജീവിതവിജയം കൈവരിച്ച ഇന്ത്യൻ സിനിമാ വ്യവസായത്തിലെ മുൻനിര സ്ത്രീകൾ സെക്സിസ്റ്റ് ചട്ടങ്ങളെ തകർക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് കങ്കണ പറയുന്നു. മുപ്പത്തിയെട്ടുകാരിയായ കത്രീന തന്നേക്കാൾ അഞ്ചു വയസ്സിന് ഇളപ്പമുള്ള വിക്കി കൗശലിനെ വിവാഹം കഴിക്കുന്നതിനെ പേരെടുത്തു പറയാതെ അഭിനന്ദിക്കുകയാണ് കങ്കണ.
ഇതാദ്യമായല്ല ബി ടൗണിൽ തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷന്മാരെ താരങ്ങൾ വിവാഹം കഴിക്കുന്നത്. 2018ൽ നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും വിവാഹിതരായപ്പോഴും പ്രായം ചർച്ചയായിരുന്നു. നിക്കിനേക്കാൾ പത്തു വയസ്സ് പ്രായക്കൂടുതലുണ്ട് പ്രിയങ്കക്ക്. അതിന് മുമ്പേ വിവാഹിതരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പ്രായം വകവെച്ചിരുന്നില്ല. ഐശ്വര്യക്ക് മുപ്പത്തിനാലും അഭിഷേകിന് മുപ്പത്തിയൊന്നുമായിരുന്നു വിവാഹിതരാകുമ്പോൾ പ്രായം.
അതേസമയം, വിവാഹം സംബന്ധിച്ച വാർത്തകൾക്കും വൻ പ്രചാരമാണ് ലഭിക്കുന്നത്. ഏഴ് കുതിരകൾ വലിക്കുന്ന രഥത്തിൽ വിക്കി കൗശൽ വിവാഹ വേദിയിലെത്തുമെന്ന് ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു. ഏഴ് കുതിരകൾ വലിക്കുന്ന വെള്ള നിറത്തിലുള്ള രഥത്തിലായിരിക്കും വിക്കി കൗശൽ സഞ്ചരിക്കുകയെന്ന് വാർത്താ ഏജൻസിയോട് നടന്‍റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആഡംബര ഹോട്ടൽ ഒരുകോട്ട ആക്കി മാറ്റിയിട്ടുണ്ട്. വിവാഹ ആഘോഷങ്ങൾക്കായി തിളങ്ങുന്ന മഞ്ഞ ലൈറ്റുകളിൽ പ്രകാശിപ്പിച്ചിരിക്കുന്നു .കൂടാതെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും ബൗൺസർമാരും കാവൽ നിൽക്കുന്നു.
സൽമാൻ ഖാന്‍റെ അംഗരക്ഷകരുടെ കമ്പനിയാണ് വിവാഹ വേദിയുടെ സുരക്ഷ നോക്കുന്നത്. രഹസ്യ കോഡുകൾ നൽകിയാണ് ക്ഷണിച്ചവർക്ക് പ്രവേശനം. സെൽഫി അടക്കമുള്ള ചിത്രം പകർത്തലുകൾക്ക് വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

