'ബാബാജി... എന്റെ യൗവനത്തെക്കുറിച്ചോ കിടപ്പ് മുറിയെക്കുറിച്ചോ നിങ്ങൾ സ്വപ്നം കാണേണ്ട': ബാബ രാംദേവിന് മറുപടിയുമായി കങ്കണ റണാവത്ത്
text_fieldsകങ്കണ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി, കങ്കണ റണാവത്ത്, ബാബ രാംദേവ്
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) എം.പി കങ്കണ റണാവത്തും യോഗ ഗുരു ബാബ രാംദേവും തമ്മിലുള്ള വാക്‌പോര് കൂടുതൽ ശക്തമാകുന്നു. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ വീഡിയോകൾ കങ്കണ റണാവത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ജെൻ സി വിഭാഗക്കാരെയും വിദ്യാർഥികളെയും 'ജനറേഷൻ ഗട്ടർ' എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇതിന് മറുപടിയുമായി കങ്കണയുടെ വിദ്യാഭ്യാസത്തെയും മുൻകാല പ്രവർത്തനങ്ങളെയും ചോദ്യം ചെയ്ത യോഗ ഗുരു ബാബ രാംദേവ്, യുവതികളെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് വിമർശിച്ചതിന് പിന്നാലെയാണ് കങ്കണ രംഗത്തെത്തിയത്.
ബാബ രാംദേവിനെതിരെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രംഗത്തെത്തിയ കങ്കണ, സുപ്രീംകോടതിയിൽ നിന്നും ശകാരം നേരിട്ട ചരിത്രമുള്ള യോഗ ഗുരു എന്റെ യൗവനത്തെക്കുറിച്ചോ കിടപ്പ് മുറിയെക്കുറിച്ചോ സ്വപ്നം കാണേണ്ട എന്ന് വിമർശിച്ചു. സി.ജെ.പി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത യുവാക്കളുടെ ഭാഷയും രീതികളും തന്നെ അസ്വസ്ഥമാക്കിയെന്ന് ചൂണ്ടിക്കാട്ടിയ കങ്കണ, ഇവരെ 'ജനറേഷൻ ഗട്ടർ' എന്നാണ് വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നവരാണ് ഇവരെന്നും, പഠനത്തിൽ പിന്നിലുള്ള ഇവർക്ക് സിസ്റ്റത്തിന് നൽകാൻ ഒന്നുമില്ലെന്നും കങ്കണ ആരോപിച്ചിരുന്നു.
കങ്കണയുടെ ഇത്തരം അധിക്ഷേപ പരാമർശങ്ങൾക്ക് എതിരെ യോഗ ഗുരു ബാബ രാംദേവ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ അദ്ദേഹം കങ്കണയുടെ യോഗ്യതകളെയും മുൻകാല ജീവിതത്തെയും ചോദ്യം ചെയ്തു. 'കങ്കണയുടെ കുട്ടിക്കാലം എങ്ങനെയായിരുന്നു? യൗവനം എങ്ങനെയായിരുന്നു? മുൻകാല പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?' എന്ന് ചോദിച്ച രാംദേവ്, രാജ്യത്തെ യുവത്വത്തെ 'ഗട്ടർ' എന്ന് വിളിക്കുന്നത് രോഗാതുരമായ മാനസികാവസ്ഥയുടെ ലക്ഷണമാണെന്ന് ബാബ രാംദേവ് വ്യക്തമാക്കി. ഇതിനെതിരെ പാർട്ടി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കങ്കണയുടെ രൂക്ഷമായ മറുപടി
രാംദേവിന്റെ വിമർശനങ്ങൾക്ക് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. 'ബാബ ജി, എന്റെ യൗവനത്തെയോ ബെഡ്‌റൂമിനെയോ കുറിച്ച് പകൽസ്വപ്നം കാണേണ്ട. അഭ്യൂഹങ്ങളുടെയും ഗോസിപ്പുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഒരാൾക്ക് ഇത്തരം അനുമാനങ്ങളിൽ എത്താൻ കഴിയൂ' കങ്കണ പറഞ്ഞു. തുടർന്ന്, പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട 2024 ലെ സുപ്രീം കോടതി നടപടികളെയും കങ്കണ ഓർമ്മിപ്പിച്ചു.
'തെറ്റായതും വഞ്ചനാപരവുമായ അവകാശവാദങ്ങളുടെ പേരിൽ എനിക്ക് സുപ്രീംകോടതിയുടെ ശകാരം കേൾക്കേണ്ടി വന്നിട്ടില്ല' എന്ന് വ്യക്തമാക്കിയ കങ്കണ, തന്റെ വ്യക്തിത്വത്തെക്കുറിച്ച് ക്ലാസെടുക്കാൻ രാംദേവ് വരേണ്ടതില്ലെന്നും, താൻ യാതൊരുവിധ തട്ടിപ്പുകളിലും ഉൾപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ 2024ൽ ബാബ രാംദേവും പതഞ്ജലി ആയുർവേദ് മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിക്ക് മുന്നിൽ ഹാജരാകേണ്ടി വന്നിരുന്നു. കോടതി ഉത്തരവുകൾ ലംഘിച്ച് രോഗങ്ങൾ ഭേദമാക്കുമെന്ന തരത്തിലുള്ള തെറ്റായ പരസ്യങ്ങൾ നൽകിയതിനാണ് കോടതി ഇവരെ വിമർശിച്ചത്. പിന്നീട് ഈ വിഷയത്തിൽ രാംദേവ് സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

