കങ്കണയുടെ ജെനറേഷൻ ഗട്ടർ പരാമർശത്തിന് ശക്തമായ മറുപടിയുമായി സിജെപി; സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ല, അപ്പോഴാണ് പുതിയ തലമുറ
text_fieldsകോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തെ ബി.ജെ.പി എംപിയും നടിയുമായ കങ്കണ വിമർശിച്ചിരുന്നു. കങ്കണയുടെ ജെനറേഷൻ ഗട്ടർ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. കങ്കണയുടെ പ്രസ്താവനക്കെതിരെ കോക്ക്രോച്ച് ജനതാ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ നേതാക്കളും കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കങ്കണയെ സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേൾക്കുന്നില്ലെന്നും സിജെപി വിമർശിച്ചു. കങ്കണക്ക് കുറച്ച് രാഷ്ട്രീയ മര്യാദയാകാമെന്നും സിജെപി വക്താവ് സൗരവ് ദാസ് വിമർശിച്ചിരുന്നു.
ഡൽഹി ജന്തർമന്ദറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഉപയോഗിച്ച ഭാഷയും സോഷ്യൽ മീഡിയ റീലുകളും അങ്ങേയറ്റം അപലപനീയമാണെന്ന് പറഞ്ഞാണ് കങ്കണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ സംസ്കാരത്തെയും കുടുംബ പശ്ചാത്തലത്തെയും ചോദ്യം ചെയ്ത കങ്കണ യുവതികൾക്കെതിരെ രൂക്ഷമായ ഭാഷയാണ് പ്രയോഗിച്ചത്. ഇത്തരം റീലുകൾ കണ്ട് ഞാൻ മാനസികമായി തകർന്നിരിക്കുന്നു, എനിക്ക് ഡിജിറ്റൽ ഡിടോക്സ് ആവശ്യമാണ് എന്നായിരുന്നു കങ്കണയുടെ പ്രതികരണം.
യുവതികൾ മാതാപിതാക്കളുടെ പണം ധൂർത്തടിച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും യാതൊരു ഉത്തരവാദിത്തവുമില്ലാതെ ജീവിക്കുകയുമാണെന്നും പഠനത്തിലും മറ്റും പിന്നിൽ നിൽക്കുന്ന ഇത്തരക്കാരെയാണ് താൻ ജെനറേഷൻ ഗട്ടർ എന്ന് വിളിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സമരങ്ങളെ കങ്കണ ഇത്തരത്തിൽ അധിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കങ്കണയുടെ പരാമർശം നിലവാരമില്ലാത്തതാണെന്നും അവർക്കെതിരെ മാപ്പ് പറയണമെന്നും വിവിധ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ സുപ്രധാനമായ പ്രശ്നങ്ങളെയും സമരങ്ങളെയും വഴിതിരിച്ചുവിടാനാണ് ഇത്തരം പ്രസ്താവനകളിലൂടെ കങ്കണ ശ്രമിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

