ആറ്റത്തെക്കുറിച്ച് ആദ്യ സൂചന നൽകിയത് കണാദൻ; പ്രാചീന സയൻസിന് പ്രാധാന്യം നൽകി എട്ടാം ക്ലാസിലെ സയൻസ് പുസ്തകം
text_fieldsncert
ന്യൂഡൽഹി: ആറ്റത്തെക്കുറിച്ച് ആദ്യമായി സൂചന നൽകിയത് ആചാര്യനായ കണാദനായിരുന്നെന്നും വസൂരിക്കെതിരായ വാക്സിനേഷന് സമാനമായ ചികിത്സ പാശ്ചാത്യരെക്കാൾ മുമ്പ് ഇന്ത്യയിൽ നടത്തിയിരുന്നു എന്നിങ്ങനെയുമുള്ള പ്രാചീന അറിവുകൾ ഉൾപ്പെടുത്തി എൻ.സി.ഇ.ആർ.ടിയുടെ എട്ടാം ക്ലാസ് സയൻസ് പുസ്തകം.
ഭാസ്കര രണ്ടാമന്റെ ജ്യേതിശാസ്ത്ര പരീക്ഷണങ്ങൾ, ‘കംസ്യ’ എന്ന ചെമ്പിന്റെയും ടിന്നിന്റെയും മിശ്രിതത്തിന്റെ രോഗശമനത്തിനുള്ള കഴിവ് തുടങ്ങിയവയൊക്കെ വിശദമായി വിവരിക്കുന്നു.
‘നിങ്ങൾക്കറിയാമോ’, ‘നമ്മുടെ ശാസ്ത്ര പാരമ്പര്യം’ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പ്രാചീന ഇന്ത്യയുടെ ശാസ്ത്രത്തിലുള്ള പാരമ്പര്യത്തെക്കുറിച്ച് പഠിക്കാനുള്ളത്. ആദ്യഭാഗത്ത് കഥകളിലൂടെയും മറ്റും കുട്ടികളെ പാരമ്പര്യ അറിവുകളിലേക്ക് ആകർഷിക്കുകയും രണ്ടാം ഭാഗത്തിൽ പാരമ്പര്യ ശാസ്ത്രത്തെക്കുറിച്ച് പ്രാചീന ഗ്രന്ധങ്ങളിലെ പരാമർശങ്ങളുൾപ്പെടുത്തി വിശദമായി മനസിലാക്കിക്കുകയുമാണ് ചെയ്യുന്നത്.
എല്ലാ രാജ്യങ്ങളിലെയും ഇരുപത്തിയൊന്നാം നുറ്റാണ്ടിലെ വിദ്യാഭ്യാസം അവരവരുടെ പാരമ്പര്യത്തിലൂന്നിയുള്ളതാകണമെന്ന 1996 ലെ യുനെസ്കോ റിപ്പോട്ടിന്റെയും, നമ്മുടെ പാരമ്പര്യവും ചരിത്രപരവും ശാസ്ത്രീയവുമായ കണ്ടെത്തലുൾ കുട്ടികൾ അറിയേണ്ടതുണ്ട് എന്ന 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും ചുവടുപിടിച്ചാണ് പുസ്തകത്തിൽ ഇത്തരത്തിലുള്ള മാറ്റം വരുത്തിയതെന്ന് മുൻ എൻ.സി.ഇ.ആർ.ടി ഡയറക്ടർ ജെ.എസ് രജപുത് പറയുന്നു.
വാക്സിൻ ലോകത്താദ്യമായി കണ്ടെത്തുന്നതിന് മുമ്പ് ഇതിന് സമാനമായ ചികിൽസാ രീതികൾ വസൂരിക്കെതിരായി ഇന്ത്യയിൽ ഉണ്ടായിരുന്നതായി ഒരു അധ്യായത്തിൽ വ്യക്തമാക്കുന്നു. വസൂരി ബാധിച്ച ഭാഗത്തുനിന്ന് ഒരു ഭാഗം അടർത്തിയെടുത്ത് മറ്റൊരാളിൽ മുറിവുണ്ടാക്കി അതിൽ നിക്ഷേപിച്ച് ചെറിയ തോതിൽ രോഗാവസ്ഥയുണ്ടാക്കി അതിൽ നിന്ന് ശരീരത്തിൽ പ്രതിരോധ ശേഷിയുണ്ടാക്കുന്ന രീതിയായായിരുന്നു നിലനിന്നിരുന്നതെന്ന് ഇതിൽ വിശദീകരിക്കുന്നു. അതുപോലെ കോവിഡിനെതിരായ വാക്സിൻ നിർമാണത്തിൽ ഇന്ത്യയിലെ വാക്സിൻ കമ്പനികൾ നിർണായകമായ പങ്കാണ് വഹിച്ചിരുന്നതെന്നും ഇതേ അധ്യായത്തിൽ വവരിക്കുന്നു.
പരമാണു അല്ലെങ്കിൽ ആറ്റത്തെക്കുറിച്ച് ലോകത്ത് ആദ്യമായി പറഞ്ഞത് കണാദനാണെന്ന് പുസ്തകം പഠിപ്പിക്കുന്നു. വസ്തുക്കൾ നിർമിച്ചിട്ടുള്ളത് ഇത്തരം കണങ്ങൾകൊണ്ടാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ‘വൈശേഷിക സൂത്രം’ എന്ന ഗ്രന്ഥത്തിലാണ് ഇത് വിവരിക്കുന്നത്.
സൂര്യൻ ആറുമാസം തെക്ക് ഭാഗത്തേക്കും അടുത്ത ആറുമാസം വടക്ക്ഭാഗത്തേക്കും പ്രയാണം നടത്തുന്നതായുള്ള തൈത്തിരീയ സംഹിതയിലെ പരാമർശം ‘കീപ്പിങ് ടൈം വിത് ദ സ്കൈസ്’ എന്ന അധ്യായത്തിൽ വിവരിക്കുന്നു. ഐ.എസ്.ആർ.ഒയുടെ വിവിധ മിഷനുകളെക്കുറിച്ചും ഒരധ്യായത്തിൽ വിശദമായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

