കമലിന്റെ സിനിമകൾ ഒ.ടി.ടിയിൽ പോലും കാണരുത്; സനാതന ധർമ്മ വിവാദത്തിൽ ബഹിഷ്ക്കരണാഹ്വാനവുമായി ബി.ജെ.പി
text_fieldsകമൽഹാസൻ
ചെന്നൈ: നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസന്റെ സിനിമകൾക്കെതിരെ ബഹിഷ്ക്കരണാഹ്വാനവുമായി തമിഴ്നാട് ബി.ജെ.പി. നടൻ സൂര്യയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ജീവകാരുണ്യ സംഘടനയായ 'അഗരം ഫൗണ്ടേഷൻ' സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ 'സനാതന ധർമത്തെക്കുറിച്ച്' താരം നടത്തിയ പരാമർശമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. പരിപാടിയിൽ നീറ്റ് പ്രവേശന പരീക്ഷയെയും രൂക്ഷമായി കമൽഹാസൻ വിമർശിച്ചു.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ഉയർത്തിപിടിച്ചാണ് കമൽ സംസാരിച്ചത്. 'കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ' എന്നാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ വിശേഷിപ്പിച്ചതെന്ന് കമൽഹാസൻ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞത്.
കൂടാതെ 2017 മുതൽ നീറ്റ് പ്രവേശന പരീക്ഷ നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു. അഗരം ഫൗണ്ടേഷന് പോലും ഇതിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. നിയമത്തിൽ ഭേദഗതി നൽകാനുള്ള ശക്തി വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. ഈ യുദ്ധത്തിൽ വിദ്യാഭ്യാസം വെറുമൊരു ആയുധമല്ല, മറിച്ച് രാഷ്ട്രീയമെന്ന ശിൽപത്തെ മൂർച്ചകൂടാനുള്ള ഉളിയായി നാം അതിനെ കാണണമെന്ന്' കമൽഹാസൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് തമിഴ്നാട് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
ഒ.ടി.ടിയിൽ പോലും കമലിൻറെ സിനിമകൾ കാണരുതെന്ന് എല്ലാ ഹിന്ദുക്കളോടും അഭ്യർഥിക്കുന്നതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പറഞ്ഞു. 'ആദ്യം ഇത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ, സനാതന ധർമ്മം നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. നമുക്ക് അവരെ ഒരു പാഠം പഠിപ്പിക്കണം' എന്നായിരുന്നു അമർ പ്രസാദ് റെഡ്ഡിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
ഇതിനിടയിൽ കമലിന്റെ പ്രസ്താവനയെ തള്ളി സഹപ്രവർത്തകയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഖുശ്ബു സുന്ദർ രംഗത്തെത്തി. 'വിദ്യാഭ്യാസത്തെക്കുറിച്ചും സനാതന ധർമത്തെക്കുറിച്ചും ഇതുപോലുള്ള ഒരു പരിപാടിയിൽ കമൽ സർ സംസാരിച്ചത് തികച്ചും അനഭിലഷണീയവും അനാവശ്യവുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു' നടി പി.ടി.ഐയോട് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്ക് ഊന്നിപ്പറയാമായിരുന്നു. വിദ്യാഭ്യാസം നിങ്ങളുടെ ഏറ്റവും വലിയ ആയുധമാണെന്ന് നാമെല്ലാവരും സമ്മതിക്കുന്നു. സനാതനത്തെക്കുറിച്ച് അവിടെ സംസാരിച്ചത് തികച്ചും തെറ്റാണ്. കാരണം ആരും വിദ്യാഭ്യാസത്തെ സനാതനത്തിൽ ഉൾപ്പെടുത്തുന്നില്ല എന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ ബി.ജെ.പിയുടെ വിമർശനത്തോട് കമൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

