രാമക്ഷേത്രം: രാജീവ് ഗാന്ധിയുടെ നിലപാട് തന്നെ തനിക്കും –കമൽനാഥ്
text_fieldsഭോപാൽ: രാമക്ഷേത്ര വിഷയത്തിൽ താൻ പാർട്ടി നിലപാടിനൊപ്പമാണെന്നും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന തികഞ്ഞ ഹിന്ദുമത വിശ്വാസിയാണെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി പ്രധാനമന്ത്രി നടത്തിയ ഭൂമിപൂജക്ക് പിന്തുണ പ്രഖ്യാപിച്ച കമൽനാഥിനെതിരെ ടി.എൻ. പ്രതാപൻ എം.പി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകിയതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താൽക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി നിലപാടിൽ വെള്ളം ചേർക്കുന്ന നടപടിയാണ് കമൽനാഥും മധ്യപ്രദേശിലെ മറ്റൊരു പ്രമുഖ നേതാവായ ദിഗ്വിജയ് സിങ്ങും ചെയ്തതെന്നായിരുന്നു പ്രതാപെൻറ പരാതി.
അയോധ്യ വിഷയത്തിൽ പാർട്ടിയുടെ ദീർഘനാളായുള്ള നിലപാടിൽനിന്ന് താൻ വ്യതിചലിച്ചിട്ടില്ലെന്ന് കമൽനാഥ് ആവർത്തിച്ചു. ''രാമക്ഷേത്ര വിഷയത്തിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറയും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും നിലപാടിൽ തന്നെയാണ് ഞാനും.
രാമക്ഷേത്രം തുറന്നത് രാജീവ്ജി ആയിരുന്നു. എന്നാൽ, ബാബരി പള്ളി പൊളിച്ചതിനെ ഞങ്ങൾ എതിർക്കുന്നു. ഇക്കാര്യത്തിലുള്ള കോടതിവിധിയാണ് ഞങ്ങൾ അംഗീകരിക്കുന്നത്'' -മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥ് കൂട്ടിച്ചേർത്തു.