മുംബൈ: ലോവര്‍ പരേലിെല പ്രധാന വാണിജ്യ സമുച്ചയമായ കമല മിൽസിലെ മൂന്ന് പബുകളിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. തീപിടിച്ച പബുകളിലൊന്നായ വണ്‍ എബൗവിെൻറ ഉടമകൾക്ക് ഒളിക്കാൻ സൗകര്യമൊരുക്കിയവരെയാണ് അറസ്റ്റ് ചെയ്തത്. ഭൊയ്വാദ കോടതിയിൽ ഹാജരാക്കിയ ഇവർക്ക് 25,000രൂപ വീതമുള്ള ബോണ്ടിൽ ജാമ്യം അനുവദിച്ചു.
സംഭവത്തിൽ 11 യുവതികളുള്‍പ്പെടെ 14 പേരാണ് മരിച്ചത്. പരിക്കേറ്റവർ ചികിത്സയിലാണ്. വ്യാഴാഴ്ച അർധരാത്രി 12.30ഒാടെയാണ് നാലുനില കെട്ടിടത്തിെൻറ ടെറസിനു മുകളില്‍ കെട്ടിയുണ്ടാക്കിയ അറകള്‍ക്ക് തീപിടിച്ചത്. സ്ഫോടന ശബ്ദത്തോടെ തീ അതിവേഗം പടരുകയായിരുന്നു. വണ്‍ എബൗ, മൊജൊ ബിസ്ട്രൊ അടക്കം മൂന്ന് പബുകളിലാണ് തീപടര്‍ന്നത്. വണ്‍ എബൗവില്നിന്നായിരുന്നു തുടക്കം.
വൺ എബൗ ഉടമകളും സഹോദരന്മാരുമായ ഹിതേഷ് സാങ്വി, ജിഗർ സാങ്വി എന്നിവർക്കും മറ്റൊരു ഉടമ അഭിജിത് മങ്കക്കും എതിരെ കേസെടുത്തിട്ടുണ്ട്. സാങ്വി സഹോദരന്മാർക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 27 സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.