കമാൽ മൗല: മുസ്ലിം പക്ഷത്തിന്റെ ഹരജി നാളെ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: മധ്യപ്രദേശ് ധാർ ജില്ലയിലെ കമാൽ മൗല -ഭോജ്ശാല തർക്കത്തിൽ, സമുച്ചയത്തിന് സമീപം വെള്ളിയാഴ്ച പ്രാർഥന നടത്താൻ അനുയോജ്യമായ ബദൽ സ്ഥലം അനുവദിക്കണമെന്ന സുപ്രീംകോടതി നിർദേശം സംസ്ഥാന സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് മുസ്ലിം പക്ഷം സമർപ്പിച്ച ഹരജി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ബുധനാഴ്ച കേസ് പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ബെഞ്ച് നേരത്തെ പിരിഞ്ഞതിനാൽ വാദം കേൾക്കാനായില്ല. തുടർന്ന് മുതിർന്ന അഭിഭാഷകൻ ഹുസൈഫ അഹ്മദി കേസ് പരാമർശിച്ചപ്പോൾ വ്യാഴാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സുപ്രീംകോടതിയുടെ ജൂലൈ 14ലെ ഇടക്കാല ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് ഹുസൈഫ അഹ്മദി കോടതിയെ അറിയിച്ചു. ജില്ല ഭരണകൂടം നിർദേശിച്ച സ്ഥലം സമുച്ചയത്തിൽ നിന്ന് 1.3 കിലോമീറ്റർ അകലെയാണെന്നും അതിനാൽ കോടതി നിർദേശത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതല്ലെന്നും അദ്ദേഹം വാദിച്ചു. ബദൽ സ്ഥലത്തിന്റെ വിശദാംശങ്ങൾ എന്തുകൊണ്ട് ഹരജിക്കാർക്ക് കൈമാറിയില്ലെന്ന് മധ്യപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതിന് മറുപടിയായി, ഭരണകൂടം മറ്റൊരു സ്ഥലം കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, ആ സ്ഥലവും അനുയോജ്യമല്ലെന്നും വളരെ അകലെയാണെന്നും ഹുസൈഫ അഹ്മദി എതിർപ്പ് അറിയിച്ചു. സമുച്ചയത്തിന് സമീപത്തെ ദർഗക്ക് മുന്നിലുള്ള ഭൂമി നമസ്കാരത്തിനായി അനുവദിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സമുച്ചയം സരസ്വതി ദേവിക്ക് സമർപ്പിച്ച ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈകോടതി വിധിക്കെതിരെ മുസ്ലിം പക്ഷം നൽകിയ അപ്പീലുകൾ പരിഗണിക്കവെയാണ് സുപ്രീംകോടതി ജൂലൈ 14ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അന്തിമ വിധി വരുന്നതുവരെ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഒന്നുമുതൽ മൂന്നുവരെ സമുച്ചയത്തിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് ജുമുഅ നമസ്കാരം നടത്താൻ സൗകര്യമൊരുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

