തമിഴ്നാട്ടിൽ കമൽ ഹാസന്റെ എം.എൻ.എം മത്സരിക്കില്ല; ഡി.എം.കെക്ക് പിന്തുണ നൽകും
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടൻ കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം (എം.എൻ.എം) മത്സരിക്കില്ല. ഭരണമുന്നണിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡി.എം.കെ) നിരുപാധിക പിന്തുണ നൽകുമെന്നും കമൽഹാസൻ അറിയിച്ചു.
ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഔപചാരിക സീറ്റ് വിഭജന ചർച്ചകൾക്കായി കമൽ ഹാസൻ ഡി.എം.കെ ആസ്ഥാനത്ത് എത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. എം.എൻ.എമ്മിന് വാഗ്ദാനം നൽകിയ സീറ്റുകളുടെ എണ്ണം, ഡി.എം.കെയുടെ ചിഹ്നത്തിൽ മത്സരിക്കണമെന്ന ആവശ്യം തുടങ്ങിയവ അംഗീകരിക്കാൻ പാർട്ടി തയാറായില്ല. ഡി.എം.കെയുടെ ആവശ്യത്തിനെതിരെ ‘ശരിയല്ല’ എന്ന പ്രസ്താവനയും എം.എൻ.എം പുറത്തിറക്കി.
എം.എൻ.എമ്മിന് രണ്ടോ മൂന്നോ സീറ്റുകൾ മാത്രമാണ് മുന്നണി വാഗ്ദാനം ചെയ്തതെന്നും ഡി.എം.കെയുടെ ചിഹ്നത്തിൽ എം.എൻ.എം സ്ഥാനാർഥികൾ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായും അടുത്ത വൃത്തങ്ങൾ പറയുന്നു. എം.എൻ.എമ്മിന്റെ ചിഹ്നമായ ‘ബാറ്ററി ടോർച്ചി’ൽ കുറഞ്ഞത് 12 സീറ്റുകളിലെങ്കിലും മത്സരിക്കണമെന്നായിരുന്നു എം.എൻ.എമ്മിന്റെ താൽപര്യം.
സീറ്റ് വിഭജനത്തിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു പുതിയ നാഗരികതക്കുള്ള വിത്താണ് ഇതെന്ന് തീരുമാനത്തെക്കുറിച്ച് കമൽ ഹാസൻ പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെ സഖ്യത്തിന്റെ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ദ്രാവിഡിയൻ മോഡൽ ഗവൺമെന്റ് 2.0 ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എം.എൻ.എമ്മിന്റെ തീരുമാനം ഒരു പ്രതിഷേധമല്ലെന്നും ഉത്തരവാദിത്തവും അവകാശവുമാണെന്നും ഈ തീരുമാനം സഖ്യത്തെ ദുർബലപ്പെടുത്തില്ലെന്നും കമൽ ഹാസൻ അറിയിച്ചു. കൂടാതെ സ്വാർഥ താൽപര്യമല്ല ഇതെന്നും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുമെന്നും കമൽഹാസൻ അറിയിച്ചു. ‘ഈ തിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദു തമിഴ്‌നാടാണ്. ദ്രാവിഡ പ്രത്യയശാസ്ത്രം വിജയിക്കണം; നമ്മൾ വിജയിക്കും’- കമൽ ഹാസൻ കൂട്ടിച്ചേർത്തു.
എം.എൻ.എമ്മിന്റെ തീരുമാനത്തെ ഡി.എം.കെ നേതൃത്വം ‘ത്യാഗം’എന്നാണ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ സ്റ്റാലിൻ നീക്കത്തെ പ്രശംസിക്കുകയും കമൽ ഹാസന്റെ മഹത്തായ തീരുമാനത്തെ ചരിത്രം അഭിനന്ദിക്കും എന്നും പറഞ്ഞു. എക്‌സിലെ സന്ദേശത്തിൽ ‘അദ്ദേഹത്തോട് നന്ദി പറയാൻ വാക്കുകളില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ദ്രാവിഡ മോഡൽ 2.0 സർക്കാരിന് അദ്ദേഹത്തിന്റെ പിന്തുണ അവിഭാജ്യമാണെന്നും തമിഴ്‌നാട്ടിലുടനീളം പ്രചാരണം നടത്താൻ കമൽ ഹാസനോട് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
