കമൽ ഹാസനെ സന്ദർശിച്ച് ഉദയനിധി സ്റ്റാലിൻ; ഡി.എം.കെയുമായുള്ള സഖ്യം രാജ്യതാൽപര്യം പരിഗണിച്ചെന്ന് കമൽ
text_fieldsചെന്നൈ: നടൻ കമൽ ഹാസൻ ഡി.എം.കെ ക്വാട്ടയിൽ രാജ്യസഭയിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമായതിനിടെ, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കമൽ ഹാസന്റെ വസതിയിലെത്തി. ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടാനുള്ള തീരുമാനം വ്യക്തിഗത രാഷ്ട്രീയ നേട്ടത്തിനല്ലെന്നും രാജ്യതാൽപര്യം പരിഗണിച്ചാണെന്നും കമൽ ഹാസൻ പ്രതികരിച്ചു. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ കമൽ ഹാസൻ ഇൻഡ്യ മുന്നണിക്ക് പിന്തുണ നൽകുമെന്ന് പറയുകയും ചെയ്തു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പു വേളയിൽ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യവുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന മക്കൾ നീതി മയ്യം, ഡി.എം.കെക്കും ഇന്ത്യ മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ മാർച്ചിൽ ഡി.എം.കെ ആസ്ഥാനമായ അണ്ണ അറിവാലയത്തിലെത്തിയ കമൽ ഹാസൻ, ഡി.എം.കെ പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനുമായി കരാറിൽ ഒപ്പിട്ടിരുന്നു.
ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനായി തമിഴ്നാട്ടിലും പുതുച്ചേരിയിലും കമൽ ഹാസൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകി. പകരം ഇക്കൊല്ലം രാജ്യസഭാ സീറ്റ് നൽകണമെന്നായിരുന്നു ധാരണ. ജൂലൈയിൽ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്നില്‍ കമൽ ഹാസൻ മത്സരിക്കും. എം.പിമാരായ എം. ഷണ്‍മുഖം, വൈകോ, പി. വില്‍സണ്‍, എം. മുഹമ്മദ് അബ്ദുല്ല (എല്ലാവരും ഡി.എം.കെ), എന്‍. ചന്ദ്രശേഖരന്‍ (എ.ഐ.എ.ഡി.എം.കെ), അന്‍പുമണി രാംദാസ് (പി.എം.കെ) എന്നിവരുടെ കാലാവധി ജൂണില്‍ അവസാനിക്കുന്നതോടെയാണ് ആറ് രാജ്യസഭാ സീറ്റുകള്‍ ഒഴിവുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

