സനാതന ധർമത്തിനെതിരെ പ്രസംഗിച്ച കമൽഹാസന്‍റെ കഴുത്തുവെട്ടുമെന്ന് തമിഴ് സീരിയൽ നടൻ
text_fieldsചെന്നൈ: സനാതന ധർമത്തിനെതിരെ പ്രസ്താവ നടത്തിയ മക്കൾ നീതിമയ്യം നേതാവും എം.പിയുമായ കമൽഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി. സീരിയൽ നടനായ രവിചന്ദ്രനാണ് എം.പിക്കെതിരെ വധഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തിയ രവിചന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മക്കൾ നീതിമയ്യം ഭാരവാഹികൾ ചെന്നൈ പോലീസ് കമീഷണർക്ക് പരാതി നൽകി.
യൂട്യൂബ് ചാനലിലൂടെയാണ് രവിചന്ദ്രന്‍റെ പ്രസ്താവന. കമൽ ഭീരുവായ രാഷ്ട്രീയക്കാരനാണെന്നും ഇത്തരത്തിൽ സംസാരിക്കുന്ന കമലിന്‍റെ കഴുത്ത് വെട്ടുമെന്നുമാണ് രവിചന്ദ്രൻ പറഞ്ഞത്.
സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ വിദ്യാഭ്യാസം കൊണ്ടു മാത്രമേ കഴിയൂ എന്നായിരുന്നു കമലിന്‍റെ പ്രസ്താവന. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികാഘോഷ വേദിയിലായിരുന്നു പ്രസംഗം.
വിദ്യയല്ലാതെ മറ്റൊരു ആയുധവും കൈയിലെടുക്കരുതെന്നും കമൽ യുവാക്കളോട് ആഹ്വാനം ചെയ്തിരുന്നു.
ഇത് സനാതനധർമത്തെ അവഹേളിക്കുന്ന പ്രസ്താവനയാണെന്നാണ് രവിചന്ദ്രൻ പറയുന്നത്. സനാതനധർമത്തെ അവഹേളിച്ച കമലിനെ പാഠം പഠിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ സിനിമകൾ തിയേറ്ററിലോ ഒ.ടി.ടിയിലോ കാണരുതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഢി ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

