രാജ്യസഭ തെരഞ്ഞെടുപ്പ്: കമൽഹാസൻ നാമനിർദേശപത്രിക സമർപ്പിക്കുക ‘തഗ് ലൈഫ്’ റിലീസിന് ശേഷം
text_fieldsകമൽഹാസൻ
ചെന്നൈ: കന്നഡ ഭാഷാ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശപത്രിക സമർപ്പിക്കുന്നത് നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസൻ നീട്ടി. കമൽഹാസന്‍റെ പരാമർശത്തിലൂടെ വിവാദത്തിലായ മണിരത്നം ചിത്രം 'തഗ് ലൈഫി'ന്റെ റിലീസിന് ശേഷമായിരിക്കും താരം നാമനിർദേശപത്രിക സമർപ്പിക്കുക. മണിരത്നം സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ജൂൺ അഞ്ചിനാണ് പ്രദർശനത്തിന് എത്തുന്നത്. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
തഗ് ലൈഫ് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് കമൽഹാസന്‍റെ വിവാദ പരാമർശമുണ്ടായത്. കന്നഡ ഭാഷ തമിഴിൽ നിന്നും ഉത്ഭവിച്ചതാണെന്ന കമൽഹാസന്‍റെ അവകാശവാദമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പരാമർശത്തിനെതിരെ രംഗത്തുവന്ന കന്നഡ സിനിമ വ്യവസായം തഗ് ലൈഫ് കർണാടകത്തിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വിവാദ പരാമർശത്തിൽ കമൽഹാസൻ മാപ്പ് പറയണമെന്നാണ് ആവശ്യം. എന്നാൽ, മാപ്പ് പറയില്ലെന്ന നിലപാടിലാണ് കമൽഹാസൻ.
നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സൽമയുമാണ് ഡി.എം.കെയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നിലവിലെ രാജ്യസഭാംഗം അഡ്വ. പി. വിൽസൺ, സേലം മുൻ എം.എൽ.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികൾ. നിയമസഭയിലെ എം.എൽ.എമാരുടെ എണ്ണം വെച്ച് ഡി.എം.കെ സഖ്യത്തിന് നാലും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കൾ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ ജനവിധി തേടിയ കോയമ്പത്തൂർ മണ്ഡലത്തിൽ കമൽഹാസൻ മത്സരിക്കാൻ തയാറായിരുന്നു. എന്നാൽ, ബി.ജെ.പി സ്ഥാനാർഥിയെ തോൽപിക്കുകയെന്ന ലക്ഷ്യത്തോടെ കോയമ്പത്തൂർ സീറ്റ് ഡി.എം.കെ ഏറ്റെടുക്കുകയായിരുന്നു. ഇതിന് പകരമായി കമൽഹാസന് ഡി.എം.കെ രാജ്യസഭ സീറ്റ് വാഗ്ദാനം നൽകി.
2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ കുറഞ്ഞ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

