ഇന്ധനവില വർധന: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണം -കമൽ ഹാസൻ
text_fieldsചെന്നൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ, അടിയന്തരമായി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് മക്കൾ നീതി മയ്യം (എം.എൻ.എം) അധ്യക്ഷനും രാജ്യസഭ എം.പിയുമായ കമൽ ഹാസൻ. പണപ്പെരുപ്പത്തിന്റെ ആഘാതത്തിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ധനത്തിന്മേലുള്ള വാറ്റ് കുറക്കാനും, ട്രെയിൻ, മെട്രോ, ബസുകൾ എന്നിവയിലെ യാത്രാനിരക്കുകൾ കുറക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. യാത്രാനിരക്കുകൾ കുറക്കുന്നതിലൂടെ ആളുകൾ കൂടുതൽ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങുമെന്നും, ഇരു സർക്കാരുകളും ഒത്തുചേർന്ന് ഈ രണ്ട് കാര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരുന്ന ഒരു വർഷത്തേക്ക് ഊർജ്ജ സംരക്ഷണം ശീലമാക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ, ദേശീയ താൽപര്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്ന് കമൽ ഹാസൻ ഓർമിപ്പിച്ചു. ഇന്ത്യൻ കുടുംബങ്ങളെ പണപ്പെരുപ്പത്തിൽനിന്ന് സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
ഇന്ന് ലാഭിക്കുന്ന ഓരോ യൂനിറ്റ് ഊർജ്ജവും നാളത്തെ ഇന്ത്യയെ ശക്തമാക്കുമെന്നും, ലാഭിക്കുന്ന ഓരോ തുള്ളി എണ്ണയും ദരിദ്രരായ ഇന്ത്യക്കാരെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിസന്ധിയെ നമ്മൾ ഒരുമിച്ച് നേരിട്ടാൽ ഇന്ത്യ കൂടുതൽ ശക്തമായി മുന്നോട്ട് വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാനിലെ സംഘർഷവും ഹുർമുസ് കടലിടുക്ക് അടച്ചതുമായ സാഹചര്യത്തിൽ, നിർമാണച്ചെലവുകൾ കൃത്യമായി വിനിയോഗിക്കാൻ ഇന്ത്യൻ സിനിമാ വ്യവസായവും ശ്രദ്ധിക്കണമെന്ന് കമൽ ഹാസൻ അടുത്തിടെ അഭ്യർഥിച്ചിരുന്നു. ഇന്ത്യക്കുള്ളിൽ തന്നെ സിനിമകൾ ചിത്രീകരിക്കുന്നതിനാണ് അദ്ദേഹം മുൻഗണന നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

