മഹുവ സ്ത്രീ വിരുദ്ധയെന്ന് കല്യാൺ ബാനർജി; പന്നികളോട് ഗുസ്തി പിടിക്കാറില്ലെന്ന് മഹുവ; തൃണമൂലിനെ നാറ്റിച്ച വിഴുപ്പലക്കലിനൊടുവിൽ ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് കല്യാൺ ബാനർജി
text_fieldsകല്യാൺ ബാനർജി, മഹുവ മൊയ്ത്ര
ന്യൂഡൽഹി: മഹുവ മൊയ്ത്രയുമായുള്ള പരസ്യമായ വിഴുപ്പലക്കലിനൊടുവിൽ ലോക്സഭയിൽ തൃണമൂൽ കോൺഗ്രസ് ചീഫ് വിപ്പ് സ്ഥാനത്തുനിന്നുള്ള കല്യാൺ ബാനർജിയുടെ രാജി മമത ബാനർജി സ്വീകരിച്ചു. മഹുവയും കല്യാണും നടത്തുന്ന പരസ്യവിമർശനങ്ങളെ കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാർട്ടിയോഗത്തിൽ മമത ബാനർജി രൂക്ഷമായി വിമർശിച്ചിരുന്നു. അതിന് ശേഷമാണ് കല്യാൺ ബാനർജി മമതക്ക് രാജിക്കത്ത് നൽകിയതും അവർ സ്വീകരിച്ചതും. മഹുവയുമായുള്ള ഉടക്കിനിടയിൽ രണ്ടാം തവണയാണ് കല്യാൺ ബാനർജി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചത്. ആദ്യം അഭിഷേക് ബാനർജിക്ക് രാജിക്കത്ത് നൽകിയിരുന്നുവെങ്കിലും സ്വീകരിച്ചിരുന്നില്ല.
പാർട്ടിയുടെ മുതിർന്ന അംഗങ്ങളായ മഹുവ മൊയ്ത്രയും കല്യാൺ ബാനർജിയും തമ്മിലെ ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനൊടുവിലാണ് ചീഫ് വിപ്പ് പദവിയിൽ നിന്നുള്ള രാജി.
ഒഡിഷയിൽ നിന്നുള്ള ബി.ജെ.ഡി മുൻ എം.പി പിനാകി മിസ്രയുമായുള്ള മഹുവയുടെ വിവാഹത്തിനു പിന്നാലെ, പരിഹാസവുമായി കല്യാൺ ബാനർജി രംഗത്തെത്തിയിരുന്നു.
നാൽപതു വര്‍ഷത്തെ ദാമ്പത്യബന്ധം തകര്‍ത്തശേഷം 65 വയസുള്ള ആളെ വിവാഹം കഴിച്ചയാളാണ് മഹുവയെന്നും അവരാണ് ഏറ്റവും വലിയ സ്ത്രീ വിരുദ്ധയെന്നും കല്യാണ്‍ ബാനര്‍ജി വിമര്‍ശിച്ചു.
എന്നാൽ, ഈ വിമർശനത്തിനെതിരെ രൂക്ഷമായിരുന്നു തൃണമൂലിന്റെ തീപ്പൊരി നേതാവ് മഹുവയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിനിടെ ‘പന്നിയുമായി ഗുസ്തി പിടിക്കാറില്ല’ എന്നായി മഹുവയുടെ മറുപടി. ഗുസ്തി പിടിക്കാൻ പന്നികൾക്ക് ഇഷ്ടമാണ്. എന്നാൽ, അത് നമ്മളെ വൃത്തികേടാക്കും’ -അവർ പറഞ്ഞു.
‘ഇന്ത്യയിൽ സ്ത്രീവിരുദ്ധരും, ലൈംഗിക ദാരിദ്ര്യമുള്ളവരും, ദുഷ്ടരുമായ പുരുഷന്മാർ വളരെ കൂടുതലാണ്, എല്ലാ പാർട്ടികളിലും അവർക്ക് പാർലമെന്റിൽ പ്രാതിനിധ്യവുമുണ്ട് -മഹുവ ആഞ്ഞടിച്ചു.
പോഡ്കാസ്റ്റിലെ പരാമർശങ്ങൾ വിവാദങ്ങൾക്ക് തീപകർന്നതോടെയാണ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ വലിയ കുറിപ്പ് പങ്കുവെച്ച് കല്യാൺ ബാനർജി രാജിവെച്ചത്.
സഹ എം.പിയെ ‘പന്നി’യോട് ഉപമിക്കുന്നത് പോലുള്ള മനുഷ്യത്വരഹിതമായ ഭാഷയുടെ ഉപയോഗം ഉൾപ്പെടെയുള്ള വാക്കുകൾ അവർ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണെന്ന് കല്യാൺ ബാനർജി പറഞ്ഞു. പൊതു ഇടങ്ങളിലെ തരംതാണ പെരുമാറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

