Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
basavaraj bommai
cancel
Homechevron_rightNewschevron_rightIndiachevron_rightകലബുറഗി സിറ്റി...

കലബുറഗി സിറ്റി കോർപറേഷൻ: ഭരണം പിടിക്കാൻ ജെ.ഡി-എസിനെ 'വശത്താക്കാൻ' ബി.ജെ.പിയും കോൺഗ്രസും

text_fields
bookmark_border

ബംഗളൂരു: കലബുറഗി സിറ്റി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസും രണ്ടാമതെത്തിയ ബി.ജെ.പിയും അധികാരം പിടിച്ചടക്കാനായി ജെ.ഡി-എസിനെ പാട്ടിലാക്കാനുള്ള നീക്കങ്ങൾ സജീവമാക്കി. ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നാലു സീറ്റുകളിൽ വിജയിച്ച ജെ.ഡി-എസ് കലബുറഗി സിറ്റി കോർപറേഷനിൽ 'കിങ് മേക്കേഴ്സ്' ആയി മാറിയിരിക്കുകയാണ്. ജെ.ഡി-എസിനെ 'വശത്താക്കി' അധികാരമുറപ്പിക്കാനുള്ള ചർച്ചകളുമായി കോൺഗ്രസ് നേതാക്കളും ബി.ജെ.പിയും കളത്തിൽ സജീവമാണ്.

എന്നാൽ, കിട്ടിയ സുവർണാവസരം മുതലെടുക്കാനുള്ള തീരുമാനത്തിലാണ് ജെ.ഡി-എസ്. മേയർ സ്ഥാനം ജെ.ഡി-എസിന് വേണമെന്നും ഈ ഉപാധി അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നുമാണ് ജെ.ഡി-എസിെൻറ നിലപാട്. എന്നാൽ, മേയർ സ്ഥാനം ബി.ജെ.പിക്ക് തന്നെയായിരിക്കുമെന്നാണ് ഇതിനോട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചത്. കോൺഗ്രസുമായി സഖ്യം ചേരാനാണ് ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ ആഗ്രഹമെങ്കിലും മകനായ എച്ച്.ഡി. കുമാരസ്വാമിക്ക് ബി.ജെ.പിയെ പിന്തുണക്കുന്നതിനോടാണ് കൂടുതൽ താൽപര്യമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

മൈസൂരു സിറ്റി കോർപറേഷനിൽ കോൺഗ്രസിനുള്ള പിന്തുണ അവസാന നിമിഷം ജെ.ഡി-എസ് പിൻവലിച്ചതോടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഇതിനാൽ തന്നെ മേയർ സ്ഥാനം ലഭിച്ചില്ലെങ്കിലും മറ്റു നീക്കുപോക്കുകൾ നടത്തി ജെ.ഡി-എസ് ബി.ജെ.പിയെ തന്നെ പിന്തുണക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിജയിച്ച നാലു അംഗങ്ങൾ കലബുറഗിയിലെ ജെ.ഡി-എസ് പ്രാദേശിക നേതാവായ നാസിർ ഹുസൈനൊപ്പം ബംഗളൂരുവിലെത്തി എച്ച്.ഡി. ദേവഗൗഡയുമായും കുമാരസ്വാമിയുമായും ചർച്ച നടത്തി. മേയർ സ്ഥാനം വേണമെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും ഈ ആവശ്യം അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നുമാണ് നാസർ ഹുസൈൻ യോഗത്തിനുശേഷം വ്യക്തമാക്കിയത്.

വിജയിച്ച എല്ലാവരും ഒറ്റക്കെട്ടാണ്. ജെ.ഡി-എസിന് തിരക്കില്ലെന്നുമാണ് നേതാക്കളുടെ പ്രതികരണം. മേയർ സ്ഥാനം വിട്ടുനൽകാൻ തയാറായാൽ കോൺഗ്രസുമായോ ബി.ജെ.പിയുമായും സഹകരിക്കാമെന്നാണ്​ ജെ.ഡി-എസിെൻറ തീരുമാനം. 55 വാർഡുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബി.ജെ.പി 23 സീറ്റിലും ജെ.ഡി-എസ് നാലു സീറ്റിലും ഒരു സ്വതന്ത്രനും വിജയിച്ചു. മേയർ, ഡെപ്യൂട്ടി മേയർ െതരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിൽ കലബുറഗിയിലെ എം.എൽ.എമാർക്കും എം.പിമാർക്കും എം.എൽ.സിമാർക്കും വോട്ടവകാശമുണ്ട്.

ഒരു എം.എൽ.എയും ഒരു രാജ്യസഭാ എം.പിയും കൂടി ചേരുമ്പോൾ കോൺഗ്രസിെൻറ വോട്ട് 29 ആയി ഉയരും. മൂന്ന് എം.എൽ.എമാരും രണ്ടു എം.എൽ.സിമാരും ഒരു ലോകസ്ഭ അംഗവുമുള്ള ബി.ജെ.പിക്കും 29 വോട്ടാകും. സ്വതന്ത്രനെ കൂട്ടുപിടിച്ചാലും ഇരു പാർട്ടിക്കും ഭരണം നേടാനുള്ള 32 എന്ന സംഖ്യയിലെത്താനാകില്ല. ഇവിടെയാണ് ജെ.ഡി-എസിെൻറ നാലു അംഗങ്ങൾ നിർണായകമാകുന്നത്.

ജനറൽ വിഭാഗത്തിൽനിന്നുള്ള വനിതക്കാണ് ഇത്തവണ മേയർ സ്ഥാനം. ജെ.ഡി-എസിെൻറ വാർഡ് 16ൽനിന്നും വിജയിച്ച സി. വിജയലക്ഷ്മി രമേശിന് മേയർ സ്ഥാനം നൽകണമെന്നാണ് ആവശ്യം. കലബുറഗിയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ മല്ലികാർജുൻ ഖാർഗെ, എച്ച്.ഡി. ദേവഗൗഡയുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ബസവരാജ് െബാമ്മൈ, എച്ച്.ഡി. കുമാരസ്വാമിയും ചർച്ച നടത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളും മറ്റു കോൺഗ്രസ് നേതാക്കളും ജെ.ഡി-എസ് നേതാക്കളുമായി ചർച്ച സജീവമാക്കിയിട്ടുണ്ട്. ജെ.ഡി-എസുമായുള്ള ചർച്ച പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ അതെക്കുറിച്ച് പറയാനാകില്ലെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. കലബുറഗിയിൽ ബി.ജെ.പി മേയറായിരിക്കും ഉണ്ടാകുകയെന്ന് ഉറപ്പിച്ചു പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalaburagi
News Summary - Kalaburagi City Corporation: BJP and Congress to 'sideline' JDS to take power
Next Story