You are here

ജയിലില്‍ നിന്നും കഫീല്‍ ഖാൻ ചോദിക്കുന്നു; ജയിലിൽ എട്ട് മാസം, ഞാൻ ശരിക്കും കുറ്റവാളിയാണോ?

20:30 PM
22/04/2018

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്‍റെ കത്ത് പുറത്ത്. എട്ട് മാസമായി ജയിലിൽ കഴിയുന്ന കഫീല്‍ ഖാന്‍റെ കത്തിന്‍റെ പരിഭാഷ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. കുട്ടികളുടെ ഡോക്ടറെന്ന നിലയില്‍ സ്വന്തം കുഞ്ഞ് വളരുന്നത് കാണാന്‍ കഴിയാത്തത് വളരെയധികം വേദനാജനകമാണ്. എന്‍റെ കുഞ്ഞ് നടക്കാന്‍ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നെനിക്കറിയില്ല -കത്തിൽ കഫീൽ ഖാൻ എഴുതുന്നു. കത്തിന് ഡോ. നെല്‍സണ്‍ ജോസഫ് തയ്യാറാക്കിയ  മലയാള പരിഭാഷ വായിക്കാം:

 

കത്തിന്‍റെ പൂര്‍ണരൂപം:

 

ഇരുമ്പഴികൾക്ക് പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഢനങ്ങൾക്കും അപമാനങ്ങൾക്കും ശേഷവും ഓരോ നിമിഷവും ഓരോ സീനുകളും ഇപ്പോൾ എന്‍റെ കണ്മുന്നിൽ നടക്കുന്നതുപോലെ ഓർമിക്കുന്നു. ചിലപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, " ഞാൻ ശരിക്കും കുറ്റവാളിയാണോ? ". എന്‍റെ ഹൃദയത്തിന്‍റെ ഉള്ളറകളിൽ നിന്ന് അതിൻ്റെ ഉത്തരം ഉയർന്നുവരും. - ഒരു വലിയ " അല്ല "

2017 ഓഗസ്റ്റ് 10ൻ്റെ ആ ദുരന്തരാത്രിയിൽ എനിക്ക് വാട്സാപ് മെസേജ് കിട്ടിയ നിമിഷത്തിൽ ഞാൻ എന്നാൽ കഴിയുന്നത്, ഒരു ഡോക്ടർ, ഒരു അച്ഛൻ, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരൻ ചെയ്യുന്നതെല്ലാം ചെയ്തിരുന്നു.

ലിക്വിഡ് ഓക്സിജന്‍റെ പെട്ടെന്നുള്ള നിർത്തൽ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഓക്സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ പ്രയത്നിച്ചു. ഞാൻ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, ഞാൻ യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു....മനുഷ്യസാദ്ധ്യമായതെല്ലാം ഞാൻ ചെയ്തു.

ഞാൻ എൻ്റെ ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനെയും എൻ്റെ സഹപ്രവർത്തകരെയും BRD പ്രിൻസിപ്പലിനെയും BRD ആക്റ്റിങ്ങ് പ്രിൻസിപ്പലിനെയും ജില്ലാ മജിസ്ട്രേറ്റ് ഗോരഖ്പൂരിനെയും അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത് ഗോരഖ്പൂരിനെയും CMS/SIC ഗോരഖ്പൂരിനെയും CMS/SIC BRDയെയും വിളിച്ച് പൊടുന്നനെ ഓക്സിജൻ നിറുത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിയിച്ചു. (എൻ്റെ കയ്യിൽ കോൾ റെക്കോഡുകളുണ്ട്)

ഞാൻ ഗ്യാസ് സപ്ലയേഴ്സിനെ - മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയൽ ഗ്യാസ്, മയൂർ ഗ്യാസ് ഏജൻസി, BRD മെഡിക്കൽ കോളജിനടുത്തുള്ള ആശുപത്രികൾ - വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഗ്യാസ് സിലിണ്ടറുകൾക്കായി യാചിച്ചു.

 ഞാൻ അവർക്ക് പണം നൽകി, അതിനു ശേഷം ബാക്കി പണം സിലിണ്ടറുകൾ ലഭിക്കുമ്പോൾ നൽകാമെന്ന് ഉറപ്പുനൽകി. (ഞങ്ങൾ ലിക്വിഡ് ഓക്സിജൻ ടാങ്ക് എത്തുന്നത് വരെ 250 ജംബോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)

ഞാൻ ഒരു ക്യൂബിക്കിളിൽ നിന്ന് അടുത്തതിലേക്ക്, വാർഡ് 100ൽ നിന്ന് വാർഡ് 12 ലേക്കും എമർജൻസി വാർഡിലേക്കും, ഒരു ഓക്സിജൻ സപ്ലൈ പോയിൻ്റിൽ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്സിജൻ സപ്ലൈ ഉണ്ടെന്ന് ഉറപ്പുവരുത്തി.

ഞാൻ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറിൽ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെ വരുമെന്ന് തോന്നിയപ്പോൾ ആംഡ് ബോർഡർ ഫോഴ്സിലേക്ക് ചെന്നു. അതിൻ്റെ DIG യെ കണ്ട് അദ്ദേഹത്തോട് ഈ സിറ്റുവേഷനെക്കുറിച്ച് വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവർ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികർ ഗ്യാസ് ഏജൻസിയിൽ നിന്ന് BRDയിലേക്ക് സിലിണ്ടറുകൾ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകൾ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു.

അവർ 48 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വർദ്ധിപ്പിച്ചു. ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.

ജയ് ഹിന്ദ്

Loading...
COMMENTS