ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ. കഫീല്‍ ഖാെൻറ മോചനത്തിന് മാതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിൽ അലഹബാദ് ഹൈകോടതി അന്തിമവാദം തുടങ്ങി. ഹരജി 15 ദിവസത്തിനകം തീർപ്പാക്കാൻ അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് അന്തിമവാദം.
കഫീൽ ഖാെൻറ ജാമ്യ ഹരജി അലഹബാദ് ഹൈകോടതി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് മാതാവ് നുസ്ഹത്ത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി പരിഗണിക്കുന്നത്. കേസ് കേള്‍ക്കുന്നത് പത്തു ദിവസത്തേക്ക് വീണ്ടും നീട്ടിവെക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അലഹബാദ് ഹൈകോടതി ബെഞ്ച് കഴിഞ്ഞ വാദം കേൾക്കലിൽ 14 ദിവസം കൂടി നീട്ടി നല്കി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശ സുരക്ഷാ നിയമത്തിെൻറ (എന്‍.എസ്.എ) കാലാവധി ആഗസറ്റ് 12ന് തീരാനിരിക്കേ മൂന്നു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് അന്യായ തടങ്കല്‍ നീട്ടാനാണ് യോഗി സര്‍ക്കാര്‍ സമയം വാങ്ങിയതെന്ന് കഫീലിെൻറ കുടുംബം കുറ്റപ്പെടുത്തിയിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു.