ലീന മണിമേഖലക്ക് വധഭീഷണി; സംഘ്പരിവാർ വനിത നേതാവ് അറസ്റ്റിൽ
text_fieldsസരസ്വതി, ലീന മണിമേഖല
ചെന്നൈ: പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററുമായി ഇറങ്ങിയ 'കാളി' ഡോക്യുമെന്ററിയുടെ സംവിധായിക ലീന മണിമേഖലക്കെതിരെ വധഭീഷണി.
'ഷഷ്ടിസേന ഹിന്ദു മക്കൾ ഇയക്കം' എന്ന തീവ്ര വലത് സംഘടനയാണ് വധഭീഷണി മുഴക്കിയത്. ലീനയെ അധിക്ഷേപിക്കുന്ന വിഡിയോയും സംഘടന പ്രസിഡന്റ് 'അതിരടി'(മിന്നൽ) സരസ്വതി (46)പുറത്തിറക്കി. ഇവരെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.
ഈയിടെ പുറത്തിറങ്ങിയ കാളിയുടെ ആദ്യ പോസ്റ്ററാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. പോസ്റ്ററിൽ ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച് പുകവലിക്കുന്ന ഒരു സ്ത്രീ എൽ.ജി.ബി.ടി.ക്യൂ സമൂഹത്തിന്‍റെ പതാകയുമായി നിൽക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്.
മതവികാരം വ്രണപ്പെടുത്തിയതായും ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സംഘ്പരിവാർ സംഘടനകൾ പ്രതിഷേധ രംഗത്തിറങ്ങുകയും യു.പി, ഡൽഹി ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ പൊലീസ് കേസെടുക്കുകയുമുണ്ടായി. ഇതിനിടയിലാണ് സരസ്വതി ചൊവ്വാഴ്ച വിഡിയോ പുറത്തിറക്കിയത്.