ബി.ആർ.എസിൽ കുടുംബപോര്; സഹോദരൻ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് കവിത
text_fieldsഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ കുടുംബപോര് മുറുകുന്നതായി സൂചന. ബി.ആർ.എസ് ചീഫും മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു ദൈവമാണ്, എന്നാൽ അദ്ദേഹത്തിന്‍റെ ചുറ്റുമുള്ളത് ചെകുത്താൻമാരാണെന്ന് പറഞ്ഞതിന് പിന്നാലെ സഹോദരനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കവിത. സഹോദരൻ കെ.ടി. രാമറാവു തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. തന്നെ അപ്രസക്തയാക്കി ബി.ആർ.എസിനെ ബി.ജെ.പിയിൽ ലയിപ്പിക്കാനാണ് രാമറാവുവിന്‍റെ നീക്കമെന്നും കവിത ആരോപിച്ചു.
എം.എൽ.എയും മുൻ തെലങ്കാന മന്ത്രിയുമായിരുന്ന രാമറാവു പാർട്ടിയുടെ വർക്കിങ് പ്രസിഡന്‍റാണ്. നിലവിൽ എം.എൽ.സിയായ കവിതക്ക് വനിതാ വിഭാഗത്തിന്‍റെ ചുമതലയാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ സഹോദരനെതിരെ പരോക്ഷ പ്രതികരണങ്ങളാണ് കവിതയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ വ്യക്തമായ സൂചനകളാണ് നൽകുന്നത്.
ബി.ആർ.എസ് വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും കവിത അത് തള്ളി. ബി.ആർ.എസ് വിട്ട് കവിത പുതിയ പാർട്ടി രൂപവത്കരിക്കാനൊരുങ്ങുകയാണെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. പാർട്ടി സിൽവർ ജൂബിലി യോഗത്തിനു പിന്നാലെ കെ.സി.ആറിനെ രൂക്ഷമായി വിമർശിച്ച് കവിത എഴുതിയ കത്ത് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഈ അഭ്യൂഹം ശക്തമായത്. യോഗത്തിൽ കെ.സി.ആർ ബി.ജെ.പിയെ കൂടുതൽ ലക്ഷ്യം വെക്കണമെന്നായിരുന്നു കവിത കത്തിൽ സൂചിപ്പിച്ചത്. കത്ത് ചോർന്നതിൽ കവിത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. താൻ പിതാവിനെഴുതിയ കത്ത് പുറത്തുവിട്ടത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കവിത ആരോപണം ഉന്നയിച്ചു.
താൻ പുതിയ പാർട്ടി രൂപവത്കരിക്കാനില്ല. കെ.സി.ആറിന്റെ നേതൃത്വത്തിൽ ജോലി ചെയ്യാനാണ് എന്നും താൽപര്യപ്പെട്ടത്. അതു തുടരും. ആരെയും പിന്നിൽനിന്ന് കുത്തില്ല. തന്റെ പോരാട്ടം എപ്പോഴും മുൻനിരയിൽ നിന്നാണെന്നും കവിത വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

