സസ്പെൻഷനു പിന്നാലെ ബി.ആർ.എസ് വിട്ട് കെ. കവിത; ‘കുടുംബത്തെ തകർക്കാൻ ശ്രമം നടക്കുന്നു’
text_fieldsകെ. കവിത
ഹൈദരാബാദ്: സസ്പെൻഡ് ചെയ്തതിനു പിന്നാലെ ഭാരത് രാഷ്ട്ര സമിതിയിൽനിന്ന് (ബി.ആർ.എസ്) രാജിവെച്ച് കെ. കവിത. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍) കവിതയെ കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പിന്നാലെയാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്നതായി അവർ അറിയിച്ചത്. എം.എൽ.സി സ്ഥാനവും രാജിവെച്ചു. ‘എനിക്ക് സ്ഥാനമാനങ്ങളോട് മോഹമില്ല. ബി.ആർ.എസിൽനിന്ന് രാജിവെക്കുകയാണ്. എം.എൽ.സി സ്പീക്കർക്ക് രാജി സമർപ്പിച്ചു’ -കവിത മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി നയങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ കവിതയുടെ സമീപകാല അഭിപ്രായങ്ങളും പ്രവർത്തനങ്ങളുമാണ് അച്ചടക്ക നടപടിക്ക് കാരണമെന്ന് കെ.സി.ആർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കെ.സി.ആറിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയതിന് പാർട്ടി പ്രവർത്തകരെ കവിത പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. മുതിർന്ന നേതാവ് ടി. ഹരീഷ് റാവുവും മുൻ എം.പി മേഘ കൃഷ്ണ റെഡ്ഡിയും തന്റെ പിതാവിന് അഴിമതി ടാഗ് നൽകിയെന്നും തന്നെ ഒതുക്കാൻ ഹരീഷ് റാവുവും സന്തോഷ് കുമാറും ഗൂഢാലോചന നടത്തിയെന്നും കവിത ആരോപിച്ചു. വിവിധ പരിപാടികളിൽ പങ്കെടുക്കുകയും പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിനായി കഠിനമായി പ്രവർത്തിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസിനെതിരായ സമരപരിപാടികളിലും പങ്കെടുത്തു. ഇതെല്ലാം എങ്ങനെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കവിത കൂട്ടിച്ചേർത്തു.
ബന്ധുവും മുതിർന്ന ബി.ആർ.എസ് നേതാവുമായ ഹരീഷ് റാവുവിനെതിരായ ആരോപണങ്ങൾ കവിത ആവർത്തിച്ചു. ഹരീഷ് റാവുവും കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ചേർന്ന് തന്റെ കുടുംബത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി. രേവന്ത് റെഡ്ഡി ഇതിനെല്ലാം ഉത്തരം പറയണമെന്നും അവർ ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിലുള്ളവർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും പുറത്താക്കൽ രാഷ്ട്രീയ പ്രേരിതമാണെന്നും കവിത കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ബി.ആർ.എസിന്റെ രജത ജൂബിലി യോഗത്തിന് ശേഷം പിതാവിനും പാർട്ടി പ്രസിഡന്റിനും എഴുതിയ കത്ത് ചോർന്നെന്നും അത് തനിക്കെതിരെ ശത്രുതക്ക് കാരണമായെന്നും അവർ കൂട്ടിച്ചേർത്തു. ബി.ജെ.പിയുമായി പാർട്ടി അകലം പാലിക്കണമെന്ന് കവിത കത്തിൽ ആവശ്യപ്പെട്ടിരുന്നു. കത്ത് ചോർച്ച അന്വേഷിക്കുന്നതിനുപകരം നേതൃത്വം തന്റെ അധികാരം ഇല്ലാതാക്കി. ബി.ആർ.എസിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായും അവർ പറഞ്ഞു, ജയിലിലായിരിക്കുമ്പോൾ പോലും ഈ നീക്കത്തെ താൻ എതിർത്തിരുന്നുവെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

