‘തെലങ്കാന രാഷ്ട്ര സേന, എന്ത് വന്നാലും പിന്നോട്ടില്ല’; പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ.കവിത
text_fieldsകെ.കവിത
ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണികൾക്ക് തുടക്കമിട്ട് മുൻ എം.പി കൽവകുന്തള കവിത സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ഭാരത് രാഷ്ട്ര സമിതിയുടെ (BRS) സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്റെ മകളായ കവിത ഇന്ന് രാവിലെയാണ് 'തെലങ്കാന രാഷ്ട്ര സേന' (TRS) എന്ന പേരിൽ പുതിയ പാർട്ടിയുടെ ലോഞ്ച് നിർവഹിച്ചത്. പിതാവിന്റെ രാഷ്ട്രീയ പിൻഗാമിയായി സഹോദരൻ കെ.ടി രാമറാവുവിനെ ഉയർത്തിക്കാട്ടുന്നതിൽ പ്രതിഷേധിച്ചാണ് കവിത ബി.ആർ.എസ് വിട്ടത്.
പാർട്ടി ലോഞ്ചിനിടെ പിതാവ് കെ. ചന്ദ്രശേഖര റാവുവിനെതിരെ കടുത്ത വിമർശനങ്ങളാണ് കവിത ഉയർത്തിയത്. ‘കെ.സി.ആർ മാറിപ്പോയിരിക്കുന്നു, അദ്ദേഹം പഴയതുപോലെയുള്ള നേതാവല്ല. ഇതൊരു 'അൺ-കെ.സി.ആർ' ആണ്, കവിത പരിഹസിച്ചു. കെ.സി.ആർ ഇപ്പോൾ പൊതുരംഗത്ത് കാണാറില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും കവിത കുറ്റപ്പെടുത്തി. നിലവിലെ കോൺഗ്രസ് സർക്കാരിനെയും രേവന്ത് റെഡ്ഡിയെയും കവിത രൂക്ഷമായി വിമർശിച്ചു.
ഹൈദരാബാദിലെ വസതിയിൽ നടന്ന പൂജകൾക്ക് ശേഷം തെലങ്കാന രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കവിത പാർട്ടി സമ്മേളനത്തിന് എത്തിയത്. പുരുഷാധിപത്യമുള്ള രാഷ്ട്രീയ പരിസരത്ത് സ്ത്രീകൾക്ക് മുൻഗണന നൽകുന്ന പാർട്ടിയാകും ടി.ആർ.എസ് എന്ന് കവിത പ്രഖ്യാപിച്ചു. ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീകളും ആദിവാസി വിഭാഗമായ ലംബാഡ സ്ത്രീകളും ഉൾപ്പെടെയുള്ള വൻ വനിതാ നിര കവിതക്കൊപ്പം വേദിയിലുണ്ടായിരുന്നു.
പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ കവിതയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സജീവമായി. ‘തെലങ്കാന രാഷ്ട്ര സേന. എന്ത് വന്നാലും ഞങ്ങൾ പിന്തിരിയില്ല. തെലങ്കാനയിലെ ജനങ്ങൾ അവരുടെ നിലപാട് പറയേണ്ട സമയമാണിത്. ഞങ്ങളുടെ ആഗ്രഹങ്ങൾ ചാരമാകാൻ അനുവദിക്കില്ല’ കവിത എക്സിൽ കുറിച്ചു. തെലങ്കാന രാഷ്ട്രീയത്തിലെ ഈ വൻ നീക്കം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നുറപ്പാണ്. കവിതയുടെ ഈ ചുവടുമാറ്റം ബി.ആർ.എസിന്റെ നിലനിൽപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

