ഭീമ കൊറേഗാവ് കേസ്: ജ്യോതി ജഗ്താപിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി
text_fieldsജ്യോതി ജഗ്താപ്
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ യു.എ.പി.എ ചുമത്തി ജയിലിൽ കഴിഞ്ഞിരുന്ന സാംസ്കാരിക പ്രവർത്തക ജ്യോതി ജഗ്താപിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇതോടെ, അവരുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. കേസിന്റെ വാദം കേൾക്കൽ നടക്കുന്ന 2026 ഫെബ്രുവരി വരെയാണ് ജാമ്യം. ജസ്റ്റിസ് എം.എം സുന്ദരേശും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജ്യോതി ജഗ്താപ് അഞ്ച് വർഷമായി കസ്റ്റഡിയിലാണെന്ന് അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അപർണ ഭട്ട് ബോധിപ്പിച്ചു.ഇതേ കേസിലെ മറ്റൊരു പ്രതിയായ മഹേഷ് റൗത്തിന് ഇതേ ബെഞ്ച് ഈയിടെ ആരോഗ്യ കാരണങ്ങളാൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 2018ൽ അറസ്റ്റിലായ ഇദ്ദേഹത്തിന്റെ ജാമ്യവും മുതിർന്ന അഭിഭാഷകൻ സി.യു സിങ്ങിന്റെ അഭ്യർഥന പ്രകാരം അടുത്ത വാദം കേൾക്കൽ വരെ നീട്ടിയിട്ടുണ്ട്.
പുണെയിലെ ഭീമ കൊറേഗാവിൽ ദലിത് മഹാസംഗമത്തിനെത്തിയവർക്ക് നേരെയുണ്ടായ അക്രമസംഭവങ്ങൾക്കൊടുവിൽ പരിപാടിയുമായി സഹകരിച്ചവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കലാപക്കുറ്റം ചുമത്തുകയായിരുന്നു. ഭീമ കൊറേഗാവ് പോരാട്ടത്തിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളെ തുടർന്നാണ് ഉന്നത ജാതിക്കാരുടെ നേതൃത്വത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതികളിലൊരാളായിരുന്ന ജഗ്താപിനെ 2020 സെപ്റ്റംബര്‍ എട്ടിനാണ് ദേശീയ അന്വേഷണ ഏജന്‍സി (എൻ.ഐ.എ) അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബര്‍ ഒമ്പതിന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2022 ഫെബ്രുവരി 14ന് പ്രത്യേക എൻ.ഐ.എ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് അവര്‍ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ 2022 ഒക്ടോബറില്‍ ബോംബെ ഹൈകോടതി ഹരജി തള്ളി. ഇതിന് പിന്നാലെയാണ്, ജ്യോതി ജഗ്താപ് സുപ്രിംകോടതിയെ സമീപിച്ചത്.
2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഘര്‍ഷം നടന്നതിന്റെ തലേദിവസം നടന്ന എൽഗാർ പരിഷത്ത് പരിപാടിക്ക് കലാപവുമായി ബന്ധമുണ്ടെന്നാണ് പോലിസിന്റെ ആരോപണം. പരിപാടിയുടെ സംഘാടകരെന്ന് ചൂണ്ടിക്കാട്ടിയാണ് ജ്യോതി ജഗ്താപ് ഉള്‍പ്പെടെയുള്ളവരെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്. എൽഗാർ പരിഷത്തിന് സി.പി.ഐ-മാവോയിസ്റ്റിൽ നിന്ന് ഫണ്ട് ലഭിച്ചതായും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാസ്കാരിക കൂട്ടായ്മയായ കബീർ കലാ മഞ്ചിലെ (കെ.കെ.എം) ഗായികയും കലാകാരിയുമായിരുന്നു ജ്യോതി ജഗ്താപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

