മത്സരിക്കാതെ വിയർക്കുന്ന ‘മഹാരാജാവ്’
text_fieldsകഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മുഖ്യ എതിരാളികളിലൊരാളായി ഗണിക്കപ്പെട്ടിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ഇക്കുറി മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ചിത്രത്തിലില്ലാതിരുന്നിട്ടും പണിയെടുക്കേണ്ട ഗതികേടിലാണ്. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രഹ്ളാദ് പട്ടേൽ, ഫഗ്ഗൻ സിങ് കുലസ്തെ എന്നിവരെ പോലെ ‘ഗ്വാളിയോർ മഹാരാജാവി’നെ ബി.ജെ.പി മത്സര രംഗത്തേക്ക് തള്ളിവിട്ടിട്ടില്ല. എന്നിട്ടും സ്വന്തം തട്ടകം കാക്കാൻ വിയർക്കുകയാണ് സിന്ധ്യ.
രാജ്യസഭ അംഗത്വ കാലാവധി 2026 വരെയുണ്ടെങ്കിലും മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പായിരിക്കും സിന്ധ്യയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുക. ഗ്വാളിയോർ, ചമ്പർ മേഖലകളിലെ 34 സീറ്റുകളിൽ ബി.ജെ.പിയുടെ പ്രകടനം മങ്ങിയാൽ അത് സിന്ധ്യയുടെ ശോഭ കെടുത്തും.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 28 സീറ്റുകളിലും കോൺഗ്രസിന്റെ വെന്നിക്കൊടി പാറിച്ച് സിന്ധ്യ ബി.ജെ.പിയെ തൂത്തുവാരിയ മേഖലയാണിത്. ജയിച്ചു കയറിയവരിൽ ബഹുഭൂരിഭാഗവും തന്റെ ആളുകളായിരുന്നതിനാൽ അവരെയും കൊണ്ട് കമൽനാഥ് സർക്കാറിനെ മറിച്ചിട്ട് തോറ്റ ബി.ജെ.പിക്ക് മധ്യപ്രദേശ് പിടിക്കാൻ സിന്ധ്യ അവസരമൊരുക്കി. കൂറുമാറിയ എം.എൽ.എമാർ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമ്പോൾ പാർട്ടി മാറിയാലും മേഖല തന്റേതെന്ന് തെളിയിക്കുക സിന്ധ്യക്ക് കടുത്ത വെല്ലുവിളിയാണ്.
കാലങ്ങളായി സിന്ധ്യയോടെതിരിട്ട നേതാക്കളെ പരിഗണിക്കാതെ കൂറുമാറിയെത്തിയവർക്ക് സീറ്റുകൾ നൽകിയതിൽ ബി.ജെ.പിക്കുള്ളിൽ അമർഷം പുകയുകയാണ്. 2018-ൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മൊറേനയില്‍നിന്ന് വിജയിച്ച രഘുരാജ് കന്‍സന ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കൂറുമാറിയതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് തോറ്റിരുന്നു. കന്സനയുടെ സ്ഥാനാർഥിത്വത്തില്‍ അതൃപ്തരായി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ബി.ജെ.പി നേതാവ് റുസ്തം സിങ് അടക്കമുള്ളവർ കൻസനയെ എതിർത്തിരുന്നു.
ഇക്കുറി തന്റെ മകന് രാകേഷ് സിങ്ങിന് മൊറേന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി രഘുരാജ് കന്സനയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അതോടെ മധ്യപ്രദേശിൽ രണ്ടു തവണ ബി.ജെ.പി മന്ത്രിയായ റുസ്തം സിങ് രാജിവെച്ച് ബി.എസ്.പിയിൽ ചേർന്നിരിക്കുകയാണ്.
രണ്ട് ഡസനോളം നേതാക്കൾ തിരികെ കോൺഗ്രസിലേക്ക് തന്നെ പോയതോടെ അവശേഷിക്കുന്ന കൂറുമാറ്റക്കാരോടുള്ള വിശ്വാസക്കുറവുമുണ്ട്. ബി.ജെ.പിയിൽ ഭാവി കാണുന്നില്ലെന്നും മധ്യപ്രദേശിൽ സാധ്യതയേറെ കോൺഗ്രസിനാണെന്ന് പറഞ്ഞാണ് അത്രയും പേർ തിരികെ പോയത്. തിരികെ വന്നവരെ തുറന്ന മനസ്സോടെ സ്വീകരിച്ച കമൽനാഥ് അവരിൽ പലർക്കും ടിക്കറ്റും നൽകി. 2018-ൽ മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ എന്ന് ഏവരും ഉറ്റുനോക്കിയേടത്തുനിന്ന് ഇന്ന് ശിവരാജ് സിങ് ചൗഹാനെ മാറ്റിയാലും പകരംവെക്കാനുള്ള ഒരാളായി പോലും ബി.ജെ.പി സിന്ധ്യയെ പരിഗണിക്കുന്നില്ല. സിന്ധ്യക്ക് സീറ്റ് നൽകാതിരുന്നതും വെറുതെയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

