ബാബരി ധ്വംസനം അന്വേഷിച്ച ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു
text_fieldsന്യൂഡൽഹി: സംഘ്പരിവാർ സംഘടനകൾ ബാബറി മസ്ജിദ് പൊളിച്ചതിനെ കുറിച്ച് അന്വേഷിച്ച ലിബർഹാൻ കമ്മീഷന്റെ അധ്യക്ഷനും മുൻ ചീഫ് ജസ്റ്റിസുമായ മൻമോഹൻ സിങ് ലിബർഹാൻ (എം.എസ്. ലിബർഹാൻ -87) അന്തരിച്ചു.
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവാണ് ലിബർഹാനെ നിയോഗിച്ചത്. 1993 മാർച്ചിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ, 43 തവണ കാലാവധി നീട്ടിനൽകിയ ശേഷം 2009 ജൂൺ 30നാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. 17 വർഷമാണ് അന്വേഷണം പൂർത്തിയാക്കാൻ എടുത്തത്.
ബാബരി തകർക്കാൻ നേതൃത്വം കൊടുത്ത ബി.ജെ.പി മുൻ അധ്യക്ഷൻ എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ളവർ കമീഷന് മുമ്പാകെ മൊഴി നൽകിയിരുന്നു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട രേഖകൾ 16 തവണ താൻ വായിച്ചുതീർത്തതായി 2009ൽ ലിബർഹാൻ പറഞ്ഞിരുന്നു.
1938 നവംബർ 11ന് ജനിച്ച മൻമോഹൻ സിങ് ലിബർഹാൻ അംബാലയിൽ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ചണ്ഡീഗഢിലെ പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്തു. മൻമോഹൻ സിങ് എന്ന പേരിൽ നിരവധി അഭിഭാഷകർ ഉള്ളതിനാൽ ഒരു ജഡ്ജിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം തന്റെ ഉപജാതിയായ 'ലിബർഹാൻ' എന്നത് പേരിനൊപ്പം ചേർത്തത്. മദ്രാസ്, ആന്ധ്രാപ്രദേശ് ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു. ഹരിയാനയുടെ അഡ്വക്കറ്റ് ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

