ജസ്റ്റിസ് ഖുറൈശിയുടെ നിയമനം; 14നുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഗുജറാത്ത് ഹൈകോടതി ജഡ്ജിയായ എ.എ. ഖുറൈശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുള്ള കൊളീജിയം ശിപാർശയിൽ ആഗസ്റ്റ് 14നകം തീരുമാനമെടുക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി.
ഇതോടൊപ്പം നൽകിയ മറ്റു ഹൈകോടതികളിലെ നിയമന ശിപാർശകൾ സർക്കാർ നടപ്പാക്കിയെങ്കിലും ജസ്റ്റിസ് ഖുറൈശിയുടെ കാര്യത്തിൽ മൗനം പുലർത്തുന്ന കേന്ദ്ര നിലപാടിനെതിരെ ഗുജറാത്ത് ഹൈകോടതി അഭിഭാഷക അേസാസിയേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. പാർലമെൻറ് നടക്കുന്നതിനാൽ 10 ദിവസംകൂടി അനുവദിക്കണമെന്ന്, കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭ്യർഥിച്ചിരുന്നു.
ജസ്റ്റിസ് ഖുറൈശിയുടെ നിയമനകാര്യം പരിഗണനയിലാണെന്നാണ് കേന്ദ്രം നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇതിനിടെ ജസ്റ്റിസ് രവിശങ്കർ ഝായെ മധ്യപ്രദേശ് ഹൈകോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു. നിയമന കാര്യത്തിൽ ആശയവിനിമയം നടത്തുക എന്ന ചുമതലമാത്രമാണ് കേന്ദ്ര സർക്കാറിനുള്ളതെന്നും കൊളീജിയം തീരുമാനം നടപ്പാക്കലാണ് കേന്ദ്രം നിർവഹിക്കേണ്ടതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
