ജസ്റ്റിസ് ഗവായ്: അരികുജീവിതത്തിന്റെ വേദനയറിയുന്ന നിയമജ്ഞൻ
text_fieldsജസ്റ്റിസ് ഗവായ്
മുംബൈ: ജസ്റ്റിസ് ഗവായ് സുപ്രീംകോടതിയുടെ 52ാമത് ചീഫ് ജസ്റ്റിസാകുന്നതോടെ, ഇന്ത്യയിൽ ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ ദലിത് സമുദായത്തിൽനിന്നുള്ള ആളാകും ഇദ്ദേഹം. 2007ൽ ഉന്നത പദവി അലങ്കരിച്ച മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് ആദ്യ ആൾ. ജസ്റ്റിസ് ഗവായിക്ക് ആറുമാസമാണ് അവസരം ലഭിക്കുക. നവംബർ 23ന് വിരമിക്കും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതുവരെ ഏഴു ജഡ്ജിമാരാണ് പട്ടികജാതി-വർഗ വിഭാഗത്തിൽനിന്നുള്ളവർ.
‘അംബേദ്കറെപ്പോലുള്ളവരുടെ പ്രയത്നം കൊണ്ടുമാത്രമാണ് എന്നെപ്പോലെ, ചേരിക്കു സമാനമായ സ്ഥലത്തുനിന്ന് പഠിച്ച ഒരാൾക്ക് ഉയരാൻ കഴിഞ്ഞതെ’ന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഠനം സാധാരണ മുൻസിപ്പൽ സ്കൂളിലായിരുന്നെന്നും 2024 ഏപ്രിലിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ‘ജയ് ഭീം’ വിളിയോടെയാണ് ആ പ്രസംഗം ഗവായ് അവസാനിപ്പിച്ചത്. പിന്നാലെ സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കേസുകളിൽ റൂളിങ് നൽകിയ ആളാണ് ജസ്റ്റിസ് ഗവായ്.
പലപ്പോഴും ഭരണകൂടവുമായി ഉരസുന്ന കേസുകളിൽ പരാതിക്കാരന് ആശ്വാസം പകരുന്നതായി അദ്ദേഹത്തിന്റെ വിധികൾ. ന്യൂസ് ക്ലിക് സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ഥയുടെയും ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും കേസുകൾ ഉദാഹരണം. ഭരണകൂടത്തിന്റെ കണ്ണിൽ കരടാകുന്നവരുടെ വീട് പൊളിക്കുന്ന നടപടിക്കെതിരെ 2024 നവംബറിൽ വിധി പറഞ്ഞ ബെഞ്ചിന്റെ അധ്യക്ഷതയും ഗവായിക്കായിരുന്നു.
ഭരണഘടന സംബന്ധിയായ ബെഞ്ചുകളിൽ പ്രാഗല്ഭ്യം തെളിയിച്ചു. തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി മരവിപ്പിച്ച ബെഞ്ചിൽ അംഗമായിരുന്നു. 1960 നവംബർ 24നാണ് ജനനം. പിതാവ് രാമകൃഷ്ണ സൂര്യഭൻ ഗവായ് ‘റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ’ (ഗവായ്) സ്ഥാപകനാണ്. 2015ൽ അദ്ദേഹം അന്തരിച്ചു. അമരാവതിയിൽനിന്നുള്ള എം.പിയായിരുന്നു. കേരളം, ബിഹാർ, സിക്കിം എന്നിവിടങ്ങളിൽ 2006 മുതൽ 2011 വരെ ഗവർണർ ആയിരുന്നു. മാതാവ് കമൽതായ് സ്കൂൾ ടീച്ചറായിരുന്നു
ബി.കോം ഡിഗ്രി നേടിയ ശേഷമാണ് ഗവായ് അമരാവതി സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നത്. 1985ൽ പ്രാക്ടീസ് തുടങ്ങി. മുംബൈ, അമരാവതി കോടതികളിലെ പ്രാക്ടീസിനുശേഷം ബോംബെ ഹൈകോടതി ബെഞ്ചുള്ള നാഗ്പൂരിലേക്ക് പ്രവർത്തനം മാറ്റി. അവിടെ എ.പി.പി ആയിരുന്നു. പിന്നീട് സർക്കാർ പ്ലീഡർ ആയി. 2003ൽ ബോംബെ ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിയായി. 2005ൽ സ്ഥിരം ജഡ്ജിയുമായി. ജനങ്ങളുമായി ബന്ധമുള്ള ജഡ്ജി എന്നപേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

