Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാം വരവിനു...

രണ്ടാം വരവിനു വഴിയൊരുക്കിയത് ജസ്​റ്റിസ്​ ഫാത്തിമ ബീവി

text_fields
bookmark_border
രണ്ടാം വരവിനു വഴിയൊരുക്കിയത് ജസ്​റ്റിസ്​ ഫാത്തിമ ബീവി
cancel

പത്തനംതിട്ട: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടെന്ന പേരിൽ നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നിരസിക്കപ്പെട്ട ജയലളിതക്ക് രണ്ടാം വരവിനു വഴിയൊരുക്കിയത് മലയാളിയായ ഗവർണർ. 2001ൽ എ.ഐ.എ.ഡി.എം.കെ 132 സീറ്റുമായി തമിഴ്നാട്ടിൽ ഭൂരിപക്ഷം നേടിയപ്പോഴാണ് സഭാംഗമല്ലാതിരുന്ന ജയലളിത രണ്ടാംവട്ടം മുഖ്യമന്ത്രിയായത്. അന്ന് തമിഴ്നാട് ഗവർണറായിരുന്ന ജസ്​റ്റിസ്​ ഫാത്തിമ ബീവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

എന്നാൽ, ജയലളിതയെ മുഖ്യമന്ത്രിയാക്കാൻ ക്ഷണിച്ചതിെൻറ പേരിൽ അന്നത്തെ എൻ.ഡി.എ സർക്കാറിെൻറയും ഘടകകക്ഷിയായിരുന്ന ഡി.എം.കെയുടെയും കണ്ണിലെ കരടായി മാറിയ ജസ്​റ്റിസ്​ ഫാത്തിമ ബീവിക്ക് കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് രാജിവെച്ച് മടങ്ങേണ്ടി വന്നു.

ഡി.എം.കെ പ്രസിഡൻറ് എം. കരുണാനിധിയും ഡി.എം.കെയുടെ രണ്ടു കേന്ദ്രമന്ത്രിമാരും അറസ്​റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഭരണഘടനാ ബാധ്യത നിറവേറ്റിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണറെ തിരിച്ചുവിളിക്കാൻ വാജ്പേയി സർക്കാർ തീരുമാനിച്ചതോടെയാണ് ജസ്​റ്റിസ്​ ഫാത്തിമ ബീവി ഗവർണർ പദവി രാജിവെച്ചത്. മലയാളിയായ രാഷ്ട്രപതി കെ.ആർ. നാരായണനായിരുന്നു രാജി സ്വീകരിക്കാൻ നിയോഗം.

1996ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായിരുന്ന ജയലളിതയടക്കം പരാജയപ്പെട്ടിരുന്നു. 234 അംഗ നിയമസഭയിൽ നാലു പേർ മാത്രമായിരുന്നു ജയലളിതയുടെ പാർട്ടിയിൽനിന്ന് ജയിച്ചത്. എന്നാൽ, 2001ൽ പാർട്ടി തിരിച്ചുവന്നെങ്കിലും അപ്പോഴേക്ക് ജയലളിത അഴിമതിക്കേസിൽ കുടുങ്ങി. കരുണാനിധി സർക്കാർ നിയോഗിച്ച പ്രത്യേക കോടതി ഝാൻസി കേസിൽ ജയലളിതയെ ശിക്ഷിച്ചതിൻറ പേരിലാണ് നാമനിർദേശ പത്രിക സ്വീകരിക്കാതിരുന്നത്.

ആണ്ടിപ്പട്ടി, കൃഷ്ണഗിരി, ഭുവനഗിരി, പുതുക്കോട്ട എന്നീ നാലു മണ്ഡലങ്ങളിൽ പത്രിക നൽകിയെങ്കിലും നിരസിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം ക്രിമിനൽ കേസിൽ 24 മാസത്തിൽ കൂടുതൽ തടവിനു ശിക്ഷിക്കപ്പെട്ടവർക്ക് ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.

എന്നാൽ, ഭൂരിപക്ഷം കിട്ടിയ എ.ഐ.എ.ഡി.എം.കെ ജയലളിതയെ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സഭാംഗമല്ലാത്ത അവർ ആറു മാസത്തിനകം അംഗമായാൽ മതിയെന്ന ഭരണഘടനയുടെ പിൻബലത്തിലായിരുന്നു നടപടി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിൻറ പേരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ള ജയലളിതക്ക് മുഖ്യമന്ത്രിയാകാൻ കഴിയുമോയെന്നത് നിയമപ്രശ്നമായി മാറി. രാജ്യമാകെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു അത്.

ഇതേ സമയം പ്രത്യേക കോടതിയുടെ ശിക്ഷ ഹൈകോടതി സ്​റ്റേ ചെയ്തിരുന്നുവെന്നത് ജയലളിതക്ക് തുണയായി. മുൻസിഫ് തുടങ്ങി സുപ്രീംകോടതി ജഡ്ജിവരെ പദവികൾ വഹിച്ച നിയമജ്ഞയായ ഗവർണർ എന്തു നിലപാട് സ്വീകരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു രാജ്യം.

രാജ്ഭവൻ ജയലളിതയെ ക്ഷണിച്ചു, അവർ 2001 മേയ് 24ന് രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി. ഭരണഘടന അനുശാസിക്കും വിധമാണ് താൻ തീരുമാനമെടുത്തതെന്നാണ് പിന്നിട് ഇതേകുറിച്ച് ഫാത്തിമ ബീവി പറഞ്ഞത്. ശിക്ഷ ഹൈകോടതി സ്​റ്റേ ചെയ്തിരുന്നു, ഇതിനു പുറമെ ഭൂരിപക്ഷമുള്ള കക്ഷി നിർദേശിക്കുന്ന സഭാംഗമല്ലാത്തയാളെയും മുഖ്യമന്ത്രിയാക്കാം.

എന്നാൽ, ഇതിന് എതിരെ ഡി.എം.കെ സമരം തുടങ്ങി. അതേതുടർന്നാണ് കരുണാനിധിയും മറ്റും അറസ്​റ്റ് ചെയ്യപ്പെട്ടത്. സ്​ഥിതി പഠിക്കാനെത്തിയ എൻ.ഡി.എ കൺവീനർ ജോർജ് ഫെർണാണ്ടസിെൻറ നേതൃത്വത്തിലുള്ള സംഘം മന്ത്രിസഭ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണമാണ് ശിപാർശ ചെയ്തത്. ഇതിന് ഗവർണറുടെ റിപ്പോർട്ട് അനിവാര്യമായിരുന്നു. പക്ഷേ, ഗവർണർ തയാറായില്ല.

ഇതോടെയാണ് 2001 ജൂലൈ ഒന്നിന് രാത്രി ചേർന്ന കേന്ദ്ര മന്ത്രിസഭ തമിഴ്നാട് ഗവർണർ ജസ്​റ്റിസ്​ ഫാത്തിമ ബീവിയെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത്. അതിന് ഇട നൽകാതെ അവർ രാജി നൽകി. 1997 ജനുവരി 25നാണ് അവർ ഗവർണറായി നിയമിതയായത്. പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി. 

Show Full Article
TAGS:jayalalitha fathima beevi jayalalitha death 
News Summary - justice fathima beevi give a way to 2nd chance
Next Story