ബി.ആർ. ഗവായ് 52-ാമത് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മേയ് 14 ന്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസാകാൻ ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് ഖന്ന മേയ് 13നാണ് വിരമിക്കുന്നത്. ജസ്റ്റിസ് ഗവായ് മേയ് 14ന് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും.
2025 നവംബറിൽ വിരമിക്കുന്ന ജസ്റ്റിസ് ഗവായ് ഏകദേശം ആറ് മാസത്തേക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ദലിത് വ്യക്തിയായിരിക്കും ജസ്റ്റിസ് ബി.ആർ. ഗവായ്.
സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ, ജസ്റ്റിസ് ഗവായ് നിരവധി സുപ്രധാന വിധിന്യായങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2016 ലെ മോദി സർക്കാറിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം ശരിവെച്ചതും ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതും ഇതിൽ ഉൾപ്പെടുന്നു.
1960 നവംബർ 24 ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ ജനിച്ച ഗവായ് 1985 ൽ തന്റെ നിയമ ജീവിതം ആരംഭിച്ചു. മുൻ അഡ്വക്കേറ്റ് ജനറലും ഹൈകോടതി ജഡ്ജിയുമായിരുന്ന പരേതനായ രാജ എസ്. ബോൺസാലെയോടൊപ്പം പ്രവർത്തിച്ച അദ്ദേഹം 1987 ൽ ബോംബെ ഹൈകോടതിയിൽ സ്വതന്ത്ര പ്രാക്ടീസ് ആരംഭിച്ചു. 1992 ആഗസ്റ്റിൽ ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. പിന്നീട് 2000-ൽ അതേ ബെഞ്ചിൽ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി.
2003 നവംബർ 14ന് ബോംബെ ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഗവായ് 2005ൽ സ്ഥിരം ജഡ്ജിയായി. ബോംബൈയിലെ ഹൈകോടതിയുടെ പ്രിൻസിപ്പൽ സീറ്റിലും നാഗ്പൂർ, ഔറംഗാബാദ്, പനാജി എന്നിവിടങ്ങളിലെ ബെഞ്ചുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2019 മെയ് 24 ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.