ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജി അരുൺ മിശ്ര ബുധനാഴ്ച തെൻറ ഔദ്യോഗിക ജീവിതത്തിലെ അവസാന വിധി പുറപ്പെടുവിച്ചു. ഉജ്ജയിനിലെ മാഹാകലേശ്വർ ക്ഷേത്രത്തിലെ ശിവലിംഗം സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങളാണ് അരുൺ മിശ്ര വിരമിക്കുന്നതിന് തൊട്ടുമുമ്പായി നൽകിയത്.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കൃഷ്ണ മുരാരി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. ഭക്തർ ആരുംതന്നെ ശിവലിംഗത്തിൽ തഴുകാൻ പാടില്ലെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് വിധി എഴുതി തയാറാക്കിയ അരുൺ മിശ്ര മുന്നോട്ടുവെച്ചത്.
സന്ദർശകരോ, ഭക്തരോ യാതൊരു കാരണവശാലും ശിവലിംഗത്തിൽ തൊട്ടുതടവുന്നില്ലെന്നത് ഉറപ്പു വരുത്തേണ്ടത് ക്ഷേത്ര പൂജാരിമാരുടേയും പുരോഹിതരുടേയും അധികൃതരുടേയും ബാധ്യതയാണ്. ഭസ്മാഭിഷേകത്തിനുപയോഗിക്കുന്ന ഭസ്മത്തിെൻറ പി.എച്ച് മൂല്യം മെച്ചപ്പെട്ടതാണെന്ന് ഉറപ്പു വരുത്തി കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്ന് ശിവലിംഗത്തെ സംരക്ഷിച്ചു നിർത്തണമെന്ന് കോടതി ക്ഷേത്ര കമ്മിറ്റിയോട് നിർദേശിച്ചു. ശിവലിംഗത്തെ സംരക്ഷിക്കുന്നതിനായി മികച്ച മാർഗങ്ങൾ അവലംബിക്കണമെന്നും കോടതി ഉത്തരവിട്ടു.
നെയ്യ്, വെണ്ണ, തേൻ തുടങ്ങിയവ ഭക്തർ ശിവലിംഗത്തിൽ തേച്ചു പിടിപ്പിക്കുന്നത് ശിവലിംഗം ദ്രവിക്കുന്നതിനിടയാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പരിമിതമായ അളവിലുള്ള പാൽ മാത്രമേ ശിവലിംഗത്തിൽ ഒഴിക്കാവൂ എന്നും ഭക്തർക്ക് നേർച്ചയായി അർപ്പിക്കാനായി ശുദ്ധമായ പാൽ നൽകണമെന്നും േകാടതി ക്ഷേത്ര കമ്മിറ്റിക്ക് നിർദേശം നൽകി.
മായം കലർന്നേതാ അശുദ്ധമായതോ ആയ പാൽ ശിവലിംഗത്തിൽ ഒഴിക്കുന്നില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഉറപ്പു വരുത്തണം. ശ്രീകോവിലിനകത്തെ പൂജ നടപടിക്രമങ്ങൾ 24 മണിക്കൂർ സമയവും കാമറയിൽ പകർത്തണം. ഇൗ ദൃശ്യങ്ങൾ ആറു മാസമെങ്കിലും സൂക്ഷിച്ചുവെക്കണം. ഏതെങ്കിലും പൂജാരി ഈ നിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടാൽ ക്ഷേത്ര കമ്മിറ്റി അയാൾക്കെതിരെ അനുയോജ്യമായ നടപടി കൈക്കൊള്ളണമെന്നും കോടതി ഉത്തരവിട്ടു.
2014ലാണ് അരുൺ മിശ്ര സുപ്രീംകോടതി ജഡ്ജിയായത്. കർക്കശമായ തീരുമാനങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ വ്യക്തിയായിരുന്നു ജസ്റ്റിസ് അരുണ മിശ്ര. അരുൺ മിശ്ര കടുത്ത നിലപാടിെൻറ ഫലമായാണ് മരടിലെ ഫ്ലാറ്റുകൾ പൊളിച്ചത്. കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ കേസിൽ അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷ വിധിച്ചത് അരുൺ മിശ്രയായിരുന്നു. ഭരണകൂടത്തോട് വിധേയത്വം പുലർത്തുന്ന പ്രസ്താവനകളിലൂടെ വിവാദങ്ങളിലിടം നേടിയ വ്യക്തി കൂടിയാണ് അരുൺ മിശ്ര.