ഇന്ത്യയുടെ മൂന്നാമത്തെ മുസ്ലീം ചീഫ് ജസ്റ്റിസ് എ.എം. അഹമ്മദി അന്തരിച്ചു
text_fieldsന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ മുസ്ലീം ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹമ്മദി(91) അന്തരിച്ചു. ഗുജറാത്ത് ഹൈകോടതിയിലും സുപ്രീം കോടതിയിലും, പിന്നീട് പൊതുജീവിതത്തിലും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വിശിഷ്ടമായ ജീവിതത്തിനുടമയായിരുന്നു.
ജസ്റ്റിസ് അഹമ്മദി 1994 ഒക്ടോബർ 25 മുതൽ 1997 മാർച്ച് 24 ന് വിരമിക്കുന്നതുവരെ ഇന്ത്യയുടെ 26-ാമത് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. 1976 മുതൽ ഗുജറാത്ത് ഹൈകോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ശേഷം 1988 ഡിസംബറിൽ സുപ്രീം കോടതിയിലെത്തി. 1932 മാർച്ച് 25 ന് ഗുജറാത്തിലെ സൂറത്തിലാണ് ജനനം. 1954-ൽ എൽ.എൽ.ബി ബിരുദം നേടിയ ശേഷമാണ് മുംബൈയിൽ അഭിഭാഷകനാകുന്നത്.
സുപ്രീം കോടതിയിലായിരുന്ന കാലത്ത് അദ്ദേഹം 232 വിധിന്യായങ്ങൾ രചിക്കുകയും 811 ബെഞ്ചുകളുടെ ഭാഗമാവുകയും ചെയ്തു. 1989ൽ സുപ്രീം കോടതി നിയമസഹായ സമിതിയുടെ പ്രസിഡന്റായും 1990 മുതൽ 1994 വരെ ഇന്ത്യയിൽ നിയമസഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായും പ്രവർത്തിച്ചു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ മുസ്ലീമായിരുന്നു ജസ്റ്റിസ് അഹമ്മദി. അദ്ദേഹത്തിന് മുമ്പ്, ജസ്റ്റിസ് എം. ഹിദായത്തുള്ള (1968-1970), ജസ്റ്റിസ് എം. ഹമീദുള്ള ബേഗ് (1977-1978) എന്നിവർ രാജ്യത്തെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ഠിച്ചു. ജസ്റ്റിസ് അഹമ്മദി വിരമിച്ച ശേഷം ജസ്റ്റിസ് അൽത്തമാസ് കബീർ 2012 സെപ്റ്റംബർ 29 മുതൽ 2013 ജൂലൈ 18 വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

