‘കിടക്ക ഒഴിവില്ലെങ്കിൽ ആ സ്ത്രീയെ കൊന്നേക്കൂ, ഇത്തരക്കാരെ കൈകാര്യം ചെയ്ത് പരിചയമില്ലേ?’ -കോവിഡ് രോഗിയെ കൊല്ലാൻ ഡോക്ടർ പറഞ്ഞത് പുറത്തറിഞ്ഞത് ഫോൺ ലൗഡ് സ്പീക്കറിൽ ആയതിനാൽ
text_fieldsമുംബൈ: കോവിഡ് മഹാമാരിക്കിടെ രോഗം ബാധിച്ച് മഹാരാഷ്ട്രയിലെ ലാത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീയെ വധിക്കാൻ സഹ ഡോക്ടർക്ക് നിർദേശം നൽകിയെന്ന ആരോപണത്തിൽ ഡോക്ടർമാർക്ക് എതിരെ കേസ്. ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ അന്ന് സീനിയർ സർജനായിരുന്ന ഡോ. ശശികാന്ത് ദേശ്പാണ്ഡെ, കോവിഡ് രോഗികളുടെ ചികിത്സ ചുമതലയിലായിരുന്ന ഡോ. ശശികാന്ത് ഡാൻഗെ എന്നിവർക്കെതിരെ സ്ത്രീയുടെ ഭർത്താവ് ദയാമി അജിമുദ്ദീൻ ഗൗസുദ്ദീൻ നൽകിയ പരാതിയിലാണ് കേസ്. ഡോ. ശശികാന്ത് ഡാൻഗെയോട് ഭാര്യയെ വധിക്കാൻ നിർദേശിച്ച ഡോ. ശശികാന്ത് ദേശ്പാണ്ഡെ വർഗീയ പരാമർശം നടത്തിയതായും പരാതിയിൽ ആരോപിച്ചു.
ദയാമി അജിമുദ്ദീൻ ഗൗസുദ്ദീന്റെ ഭാര്യ ഫാത്തിമ കൗസർ കോവിഡ് ചികിത്സയിലായിരിക്കെ 2021 ഏപ്രിലിലാണ് സംഭവം. ചികിത്സയുടെ ഏഴാം ദിവസം ഡോ. ഡാൻഗെയുടെ അരികിൽ ഇരിക്കുമ്പോഴാണ് ഡോ. ശശികാന്ത് ദേശ്പാണ്ഡെയുടെ ഫോൺ വന്നത്. ഊൺ കഴിക്കുകയായിരുന്ന ഡാൻഗെ സ്പീക്കർ ഫോണിലൂടെയാണ് സംസാരിച്ചതെന്നും ആശുപത്രിയിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞതോടെ ‘ദിയാമി’ സ്ത്രീയെ കൊല്ലാൻ നിർദേശിക്കുകയും ഇത്തരം ആളുകളെ കൈകാര്യം ചെയ്ത് പരിചയമില്ലേ എന്ന് ചോദിക്കുകയും ചെയ്യുന്നത് കേട്ടുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭാര്യ പിന്നീട് രോഗമുക്തിയെ തുടർന്ന് ആശുപത്രി വിട്ടു.
കേസിൽ ഡോ. ശശികാന്ത് ദേശ്പാണ്ഡെയുടെ മൊഴിയെടുത്ത പൊലീസ് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഡോ. ഡാൻഗെയോട് ഹാജറാകാൻ നോട്ടീസ് നൽകിയതായി പൊലീസ് പറഞ്ഞു.
യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. വിളക്കുടി കുന്നിക്കോട് പുളിമുക്കിൽ റസീന മൻസിലിൽ റിയാസാണ് (29) കൊല്ലപ്പെട്ടത്. വിളക്കുടി കുന്നിക്കോട് പാപ്പരംകോട് ഷിബിന മൻസിലിൽനിന്ന് മേലില കടമ്പ്ര കാഞ്ഞിരത്തുംമൂട് വീട്ടിൽ താമസിക്കുന്ന വക്കീൽ ഷിഹാബ് എന്ന ഷിഹാബുദ്ദീനെയാണ് (44) കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് കോടതി അഞ്ച് ജഡ്‌ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. 2023 ഫെബ്രുവരി 25ന് രാത്രി 10ന് കുന്നിക്കോട് പട്ടാഴി റോഡിൽ പള്ളിക്ക് സമീപമായിരുന്നു സംഭവം.
കൊല്ലപ്പെട്ട റിയാസും സുഹൃത്തുക്കളും വീട്ടിൽകയറി പ്രതിയെയും മാതാവിനെയും ഉപദ്രവിച്ചതിലുള്ള വിരോധവും പ്രതിയുടെ അനുജനും റിയാസും വിളക്കുടി പഞ്ചായത്തിലെ ഇറച്ചി സ്റ്റാൾ ലേലത്തിൽ പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവുമായിരുന്നു കൊലപാതക കാരണം. കുന്നിക്കോട് പട്ടാഴി റോഡിലൂടെ ബുള്ളറ്റിൽ വന്ന റിയാസിനെ പള്ളിക്ക് സമീപംവെച്ച് തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി സ്ഥലത്തിന് എതിർവശത്തെ വസ്തുവിൽ ഒളിപ്പിച്ചു. നാട്ടുകാർ കുന്നിക്കോട് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി പരിക്കേറ്റ റിയാസിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന്, കൊല്ലം മെഡിസിറ്റി ആശുപത്രിയിലുമെത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവസ്ഥലത്തുനിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐ.എസ്.എച്ച്.ഒ എം. അൻവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ച് തൊണ്ടി മുതലുകളും 31 റെക്കോഡുകളും ഹാജരാക്കി. 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയകമലാസനനും സഹായിയായി സിവിൽ പൊലീസ് ഓഫിസർ അനിൽകുമാറും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

