ജുനൈദ് വധം: എം.പിമാർ ഇറങ്ങിപ്പോയി; ന്യൂനപക്ഷ കൂടിയാലോചന സമിതി യോഗം മുടങ്ങി
text_fieldsന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ പതിനാറുകാരൻ ജുനൈദിനെ വർഗീയവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്, ദേശീയ ന്യൂനപക്ഷ കൂടിയാേലാചനയുമായി ബന്ധപ്പെട്ട പാർലമെൻററികാര്യ സമിതിയിൽനിന്ന് എം.പിമാരുടെ ഇറങ്ങിപ്പോക്ക്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങളുണ്ടായിട്ടും സമിതിയിൽ വിഷയം ചർച്ച ചെയ്യാനോ കൊല്ലപ്പെട്ട ജുനൈദിന് അനുശോചനം രേഖപ്പെടുത്താനോ ന്യൂനപക്ഷകാര്യ മന്ത്രിയും സമിതി അധ്യക്ഷനുമായ മുഖ്താര്‍ അബ്ബാസ് നഖ്വി തയാറാവാത്തതിൽ പ്രതിഷേധിച്ചാണ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.
യോഗത്തില്‍ ജുനൈദിനുവേണ്ടി അനുശോചനം രേഖപ്പെടുത്തണമെന്നും വിഷയം ചർച്ച ചെയ്യണമെന്നും എം.െഎ. ഷാനവാസ് എം.പി ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അജണ്ടയിലില്ലാത്ത കാര്യമാണെന്നും കീഴ്വഴക്കങ്ങൾക്ക് എതിരായതിനാൽ അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. ഇതേത്തുടർന്ന് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്), എം.ഐ. ഷാനവാസ്, മൗസം നൂര്‍ (കോണ്‍ഗ്രസ്), ജോയ് എബ്രഹാം (കേരള കോണ്‍ഗ്രസ്), ഇദ്രിസ് അലി (തൃണമൂല്‍ കോൺ.), അലി അന്‍വര്‍ അന്‍സാരി (ജെ.ഡി.യു) തുടങ്ങിയവർ ഇറങ്ങിപ്പോവുകയായിരുന്നു. വ്യാഴാഴ്ച നടന്ന യോഗത്തിന് വകുപ്പ് മന്ത്രിയടക്കം ആകെ ഏഴുപേരാണ് എത്തിയത്. മുഴുവൻ എം.പിമാരും ബഹിഷ്കരിച്ചതോടെ മന്ത്രി യോഗം പിരിച്ചുവിട്ടു.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയാണുള്ളതെന്നും ഇത് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പട്ടെങ്കിലും അധ്യക്ഷന്‍ അനുമതി നല്‍കിയില്ലെന്നും പാര്‍ലമെൻറിനു പുറത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ എം.പിമാർ പറഞ്ഞു. ജുനൈദിെൻറ വിഷയത്തില്‍ വേദന പങ്കുവെക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് ന്യൂനപക്ഷ സമിതിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ ചോദിച്ചു. അംഗങ്ങള്‍ ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് പാര്‍ലമെൻററി സമിതിയുടെ യോഗം ഇതാദ്യമായാണ് നിര്‍ത്തിവെക്കുന്നതെന്ന് എം.ഐ. ഷാനവാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
