കനത്ത സുരക്ഷയിൽ സഹാറൻപുർ മസ്ജിദിൽ ജുമുഅ നടത്തി
text_fieldsസഹാറൻപുർ (യു.പി): ഉത്തർപ്രദേശിലെ സഹാറൻപുർ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ഇവിടെ കനത്ത സുരക്ഷയിൽ സമാധാനപരമായി ജുമുഅ നമസ്കാരം നടത്തി. ജില്ലയിലുടനീളം മസ്ജിദുകളോടനുബന്ധിച്ച് ഏകദേശം 1500 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ജില്ലയിൽ എവിടെയും അനിഷ്ട സംഭവങ്ങളുണ്ടായതായി റിപ്പോർട്ടില്ല.
അനധികൃത നിർമാണമെന്ന് സിറ്റി മജിസ്ട്രേറ്റ് കോടതി സെപ്റ്റംബർ നാലിന് ഉത്തരവിട്ടതിന് പിന്നാലെ അഞ്ചിന് പുലർച്ചെ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം ഉയർന്നു.
ജില്ല മജിസ്ട്രേറ്റ് ഓഫിസ് വളപ്പില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായാണ് പള്ളി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി ബജ്റംഗ്ദള്‍ മുന്‍ കോഓഡിനേറ്ററായ വികാസ് ത്യാഗി നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. 1911 മുതലുള്ള രേഖകളുള്ള ആരാധനാലയമാണ് തകർത്തതെന്നും കലക്ടറേറ്റ് നിലവിൽവരുന്നതിന് മുമ്പുതന്നെ മസ്ജിദ് അവിടെയുണ്ടെന്നും മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പള്ളി കമ്മിറ്റിക്ക് അപ്പീൽ നൽകാൻപോലും അവസരം നൽകാതെയാണ് ഭരണകൂടം പൊളിക്കൽ പൂർത്തിയാക്കിയതെന്നും സംഘടനകൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

