പിഴ അടക്കാൻ തയാറാകാതെ വിധിക്കെതിരെ ഹരജിയുമായി ജൂഹി ചൗള, ഞെട്ടിക്കുന്നതെന്ന് കോടതി
text_fieldsമുംബൈ: 5ജിക്കെതിരായ ഹരജി തള്ളിക്കൊണ്ട് കോടതി വിധിച്ച പിഴ അടക്കാതെ വീണ്ടും ഹരജി നൽകി ബോളിവുഡ് നടി ജൂഹി ചൗള. മുൻ കോടതി വിധിക്കെതിരെയാണ് നടി ഹരജി സമർപ്പിച്ചത്. എന്നാല്‍ പുതിയ ഹരജിയും കോടതി തള്ളി. ജൂഹി ചൗളയുടെ നീക്കത്തെ വിമര്‍ശിച്ച ജഡ്ജി ഇത് ഞെട്ടിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
കോടതി ഫീസ് റീഫണ്ട് ചെയ്യുക, ചുമത്തിയ 20 ലക്ഷം രൂപ പിഴ തള്ളുക, വിധിയിലെ ഹരജി തള്ളി എന്ന വാക്ക് മാറ്റി നിരസിച്ചു എന്നാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് താരം മറ്റൊരു ഹരജി നല്‍കിയിരിക്കുന്നത്. ഒരാഴ്ച അല്ലെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ 20 ലക്ഷം പിഴ അടക്കണമെന്നും അല്ലെങ്കില്‍ മറ്റു നിയമ നടപടികളിലേക്ക് നീങ്ങുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
5 ജിക്കെതിരായ ഹരജിയില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള മാന്യത കോടതി കാട്ടിയിരുന്നെന്നും എന്നിട്ടും ഇപ്പോള്‍ വിധി മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിയുമായി വന്നത് ഞെട്ടിക്കുന്നതാണെന്നുമാണ് ജസ്റ്റിസ് ജെ.ആര്‍ മിഥ അഭിപ്രായപ്പെട്ടത്.
രാജ്യത്ത് 5 ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച ജൂഹി ചൗളയുടെ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈകോടതി 20 ലക്ഷം പിഴയിടുകയുമായിരുന്നു. ജൂഹി ചൗളയുടെ നടപടി നിയമ സംവിധാനത്തെ അപമാനിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചിരുന്നു. നടപടി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി കുറ്റപ്പെടുത്തി.
5 ജി സാങ്കേതിക വിദ്യ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും അത് മനുഷ്യരെയും മൃഗങ്ങളെയും അപകടകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജൂഹി ചൗള ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

