ജഡ്ജിമാരുടെ ശമ്പള കമീഷൻ: ഹൈകോടതികളിൽ സമിതി വേണമെന്ന് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ജില്ലകളിലെ ജുഡീഷ്യൽ ഓഫിസർമാരുടെ സേവന, വേതന വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കാത്തതിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി. സ്വതന്ത്രമായ നീതിവ്യവസ്ഥ ഉറപ്പാക്കാൻ ജഡ്ജിമാർ സാമ്പത്തികമായി മാന്യമായ ജീവിതം നയിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് സി.ജെ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമീഷൻ പ്രകാരം ഇൗ ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പളം, പെൻഷൻ, മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവയിലെ ഉത്തരവുകൾ നടപ്പാക്കുന്നത് മേൽനോട്ടം വഹിക്കുന്നതിന് ഓരോ ഹൈകോടതിയിലും രണ്ട് ജഡ്ജിമാരുള്ള സമിതി രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ജില്ല ജുഡീഷ്യറിയുടെ സേവന വ്യവസ്ഥകൾക്ക് വേണ്ടിയുള്ള സമിതി എന്നപേരിലാണ് പുതിയ സംവിധാനം. സമിതിയിലെ രണ്ടംഗങ്ങളിൽ ഒരാൾ ജില്ല കോടതികളിൽ സേവനം ചെയ്തിരിക്കണം. ഹൈകോടതി രജിസ്ട്രാർ ജനറൽ സമിതിയുടെ എക്സ് ഒഫീഷ്യോ സെക്രട്ടറിയാകും.
സമിതിയിലെ മുതിർന്ന ജഡ്ജിയാകും ചെയർപേഴ്സൻ. സംസ്ഥാനത്തെ പ്രധാന വകുപ്പുകളിലെ സെക്രട്ടറിമാരായ ഉദ്യോഗസ്ഥരെ സമിതിയിലേക്ക് ചെയർപേഴ്സന് നാമനിർദേശം ചെയ്യാം. സേവനത്തിലുള്ളതും വിരമിച്ചതുമായ ജഡ്ജിമാരുടെ വേതന ആനുകൂല്യങ്ങളുടെ കുടിശ്ശിക ഫെബ്രുവരി 29നകം നൽകണമെന്നും ഉത്തരവിലുണ്ട്.
ജുഡീഷ്യൽ ഓഫിസർമാരുടെ സേവന വ്യവസ്ഥകൾ ഏകീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്‍കരണത്തിനായി ജുഡീഷ്യൽ ഓഫിസർമാർ എട്ടു വർഷമായി കാത്തിരിക്കുന്നത് ആശങ്കജനകമാണെന്ന് സുപ്രീംകോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

