കോവിഡ് വ്യാപനം തടയണം; അഭിഭാഷകർ ഗൗൺ അണിയരുതെന്ന് സുപ്രീം കോടതി
text_fieldsrepresentational image
ന്യൂഡൽഹി: കോവിഡ് 19 വൈറസ് വ്യാപന സാധ്യത തടയുന്നതിനായി അഭിഭാഷകരുടെ വേഷത്തില്‍ മാറ്റം വരുത്തി സുപ്രീം കോടതി. വിര്‍ച്വല്‍ കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകരുടെ വേഷം ഇനി വെളുത്ത ഷര്‍ട്ടോ, വെള്ള നിറത്തിലുള്ള സല്‍വാര്‍ - കമീസോ, വെള്ള സാരിയോ ആയിരിക്കണമെന്നും കഴുത്തില്‍ വെള്ളനിറമുള്ള ബാന്‍ഡ് അണിയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സുപ്രീംകോടതി സെക്രട്ടറി ജനറൽ സഞ്ജീവ് എസ് കൽഗോങ്കർ പുറത്തിറക്കി.
ജഡ്ജിമാരുടെ റോബുകളും (സ്ഥാനവസ്ത്രം) അഭിഭാഷകരുടെ ഗൗണുകളും കൊറോണ വ്യാപനത്തിന് കാരണമായേക്കുമെന്ന ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പിനു പിന്നാലെയാണ് തീരുമാനം. നിലവിലെ സാഹചര്യം അവസാനിക്കുകയോ അടുത്ത അറിയിപ്പ് ഉണ്ടാവുകയോ ചെയ്യുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് ഉത്തരവില്‍ പറയുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് കേസുകളിൽ സിംഹഭാഗവും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് വാദംകേൾക്കുകയെന്ന് സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നു. സ്വന്തം വീടുകളില്‍ വെച്ചല്ല, സുപീംകോടതിയിലെ കോടതിമുറികളിൽ വെച്ചാണ് വാദം കേൾക്കേണ്ടതെന്നും ജഡ്ജിമാർക്ക് നിർദേശം ലഭിച്ചു. ഇതിനുപിന്നാലെയാണ് വസ്ത്രരീതിയിലും മാറ്റം വരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
