Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസ്റ്റിസിന്‍റെ അനാരോഗ്യം; ഡൽഹി പൊലീസ് നടപടിക്കെതിരായ ഹർജികൾ 15ലേക്ക് മാറ്റി സുപ്രീം കോടതി

text_fields
bookmark_border
Supreme Court
cancel

ന്യൂഡൽഹി: ഡൽഹിയിൽ പ്രക്ഷോഭകർക്കെതിരെയുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ബെഞ്ചിലെ ജഡ്ജിമാരിലൊരാൾക്ക് അസുഖം ബാധിച്ചതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. മുൻ ഉത്തരവുകൾ ലംഘിച്ചുവെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ നടപടികളിൽ മറുപടി സമർപ്പിക്കാൻ ഡൽഹി പൊലീസിനും മറ്റ് അധികാരികൾക്കും ബുധനാഴ്ച വൈകുന്നേരം വരെ കോടതി സമയം നീട്ടിനൽകുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചിരുന്നത്. ജസ്റ്റിസ് മോഹനയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനായി വാദം മാറ്റിവെക്കാൻ ഇരുപക്ഷവും സമ്മതിക്കുകയായിരുന്നു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടിക ക്രമക്കേടിനെതിരെയുമുള്ള സമരം തടയാൻ ഡൽഹി പൊലീസിന്റെ അനധികൃത തടങ്കൽ, ബലപ്രയോഗം, പൊതുഗതാഗതത്തിനും ഇന്റർനെറ്റ് സേവനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്നിവ ചോദ്യം ചെയ്തുകൊണ്ട് ഒരു ഡസനോളം ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്.

പൊതുജനസഞ്ചാരവും അവശ്യസവനങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി വിധി ലംഘിച്ചുകൊണ്ടാണ് പ്രതിഷേധങ്ങളുടെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന ഹർജിയിൽ സുപ്രീം കോടതി നേരത്തെ തന്നെ അധികാരികൾക്ക് നോട്ടീസ് അയച്ചിരുന്നു.

ഫയലിങ് തകരാറുകൾ പരിഹരിക്കുകയാണെങ്കിൽ പുതിയ ഹർജികൾ വ്യാഴാഴ്ച പരിഗണിച്ചേക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് 10 ഇന്ത്യാ ബ്ലോക്ക് നേതാക്കളും ചേർന്ന് സമർപ്പിച്ച പ്രത്യേക ഹർജി ഈ ഹർജികൾക്കൊപ്പം കേൾക്കുമോ എന്നത് വ്യക്തമല്ല.

സമാധാനപരവും നിരായുധരുമായ പ്രക്ഷോഭകരെ അന്യായമായി തടവിലാക്കാൻ പാടില്ലെന്ന് ഞായറാഴ്ച ജസ്റ്റിസുമാരായ ബാഗ്ചിയും മോഹനയും അടങ്ങിയ പ്രത്യേക ബെഞ്ച് ഉത്തരവിട്ടിരുന്നു. കൂടാതെ മെട്രോ, റെയിൽവേ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടരുതെന്നും നിയമപരമായ നിയന്ത്രണങ്ങൾക്ക് വിധേയമായി സ്വതന്ത്രമായ സഞ്ചാരം പുനഃസ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

പൊതുജനങ്ങളുടെ സഞ്ചാരത്തിന്മേൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, നിരോധന ഉത്തരവുകൾ ബാധകമായ പ്രദേശങ്ങൾക്ക് പുറത്തും പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തുവെന്നും, നഗരത്തിൽ കർഫ്യൂ പോലുള്ള സാഹചര്യമുണ്ടായെന്നും ആരോപിച്ചുള്ള ഹർജികളെ തുടർന്നാണ് ഈ നിർദ്ദേശങ്ങൾ ഉണ്ടായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Judge unwell, Supreme Court defers hearing on Delhi protest crackdown till Thursday
Next Story