ജൂബിലി ഹിൽസ് ബി.ആർ.എസിൽ നിന്ന് തിരിച്ചു പിടിച്ച് കോൺഗ്രസ്
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ 24,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ആർ.എസിനെ തറപറ്റിച്ച് കോൺഗ്രസ്. വോട്ടെണ്ണൽ നടന്ന കോട്‍ല വിജയ് ഭാസ്കര റെഡ്ഡി സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. 42 ടേബിളുകളാണ് വോട്ടെണ്ണലിനായി തെരഞ്ഞെടുപ്പ് അധികൃതർ ഒരുക്കിയത്. 10 ാമത്തെ റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാവുകയും ചെയ്തു.
വിജയമുറപ്പിച്ചതോടെ ഗാന്ധി ഭവനിലും യൂസുഫ്ഗുദ പാർട്ടി ഓഫിസിലും കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനവും തുടങ്ങി. ഉപതെരഞ്ഞെടുപ്പിൽ 48.49 ശതമാനമാണ് പോളിങ്. ആകെ പോൾ ചെയ്ത 1,94,631 വോട്ടുകളിൽ 99,771 പേർ പുരുഷൻമാരും 94,855 പേർ സ്ത്രീകളുമായിരുന്നു. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം 101. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ തുടങ്ങിയത്. ഉച്ചയോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്തു.
4,01,365 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. അതിൽ 2,08,561 പേർ പുരുഷ വോട്ടർമാരാണ്. 1,92,779 പേർ സ്ത്രീകളും. സിറ്റിങ് എം.എൽ.എ മഗന്തി ഗോപിനാഥിന്റെ(ബി.ആർ.എസ്) മരണത്തോടെയാണ് ജൂബിലി ഹിൽസിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആകെ 58 സ്ഥാനാർഥികളാണുണ്ടായിരുന്നത്. ബി.ആർ.എസിൽ നിന്ന് കോൺഗ്രസ് മണ്ഡലം പിടിക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം.
ഗോപിനാഥിന്റെ ഭാര്യ സുനിതയെ ആണ് ബി.ആർ.എസ് നിർത്തിയത്. യുവനേതാവ് നവീൻ യാദവ് ആയിരുന്നു കോൺഗ്രസിന്റെ സ്ഥാനാർഥി. ബി.ജെ.പി ലങ്കള ദീപക് റെഡ്ഡിയെ ആണ് സ്ഥാനാർഥിയാക്കിയത്. ഇത്തവണ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ പിന്തുണയും കോൺഗ്രസ് സ്ഥാനാർഥിക്കുണ്ടായിരുന്നു. ജൂബിലി ഹിൽസ് നിയമസഭ മണ്ഡലത്തിലെ ഒരു വാർഡിൽ പോലും ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) വികസന പ്രവർത്തനങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നില്ല.
ഓരോ പാർട്ടിക്കും ലഭിച്ച വോട്ട് ഇങ്ങനെ:
കോൺഗ്രസ് -98988
ബി.ആർ.എസ്-74259
ബി.ജെ.പി -17061
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

