മനുഷ്യാവകാശ പ്രവർത്തകൻ ജെ.എസ് ബന്ദൂക്‍വാല നിര്യാതനായി
text_fieldsവഡോദര: ഗുജറാത്തിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും മുസ്‍ലിം സമുദായ പരിഷ്ക്കർത്താവും ന്യൂക്ലിയർ ഫിസിക്സ് പ്രൊഫസറുമായ ജെ.എസ് ബന്ദൂക്‍വാല (77) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. വഡോദരയിലെ വീട്ടിൽ ശനിയാഴ്ച രാവിലെയായിരുന്നു മരണം.
ബോംബെ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് ന്യൂക്ലിയർ ഫിസിക്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വഡോദര മഹാരാജ് സയ്യാജിറാവു സർവകലാശാലയിലെ പ്രഫസറായിരുന്നു. സാമൂഹിക, മനുഷ്യാവകാശ പ്രവർത്തനങ്ങളാലാണ് ബന്ദൂക്‍വാല ശ്രദ്ധേയനാകുന്നത്.
80 കളുടെ തുടക്കം മുതൽ ദലിത്, മുസ്‍ലിം അവകാശങ്ങൾക്കായുള്ള പോരാട്ടം ആരംഭിച്ചു. അധഃസ്ഥിതർക്കായുള്ള പ്രവർത്തനങ്ങൾ അനുയായികൾക്കൊപ്പം വലിയ ശത്രുനിരയെയും സൃഷ്ടിച്ചു. 2002 ലെ ഗുജറാത്ത് കലാപത്തിൽ അദ്ദേഹത്തിന്റെ വീട് ഹിന്ദുത്വ കലാപകാരികൾ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തോടെ മാനസികമായി തളർന്ന അദ്ദേഹത്തിന്റെ ഭാര്യ പിന്നീട് വിഷാദരോഗിയായി. ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ മരിക്കുകയും ചെയ്തു.
വഡോദരയിലെ സയ്യാജിപുര പ്രദേശത്തെ 450 മുസ്‍ലിം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ നീക്കത്തിനെതിരെ അന്നത്തെ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് അദ്ദേഹം അയച്ച കത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വർണവെറിയൻ ഭരണകൂടത്തിന്റെ പ്രവർത്തികളോടാണ് അദ്ദേഹം ഈ നീക്കത്തെ താരതമ്യപ്പെടുത്തിയത്.
മുസ്‍ലിം സമൂഹത്തിലെ ദരിദ്രരെ സാമ്പത്തികമായി സഹായിക്കാനുള്ള പ്രവർത്തനങ്ങളിലും ബന്ദൂക്‍വാല മുന്നിൽ നിന്നു. അദ്ദേഹം പ്രസിഡന്റായ സിദ്നി ഇൽമ ചാരിറ്റബൾ ട്രസ്റ്റ് എല്ലാവർഷവും 400 ദരിദ്രവിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്തു. 2006 ലെ ഇന്ദിരഗാന്ധി ദേശീയ പുരസ്കാരം സാമുദായിക സൗഹാർദ രംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചു. വഡോദരയിലെ ഇമാംബാറ ഖബർസ്ഥാനിൽ ശനിയാഴ്ച ഉച്ചക്ക് ശേഷം മൃതദേഹം ഖബറടക്കി. രണ്ടുമക്കളും അമേരിക്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

