വഖഫ് ജെ.പി.സി: അവതരണം പാളി
text_fieldsന്യൂഡൽഹി: പാളിപ്പോയ നാടകാന്ത്യത്തിൽ പാർലമെന്റിന്റെ ചരിത്രത്തിൽ ഇതാദ്യമായി വഖഫ് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) റിപ്പോർട്ട് വെച്ച് മണിക്കൂറുകൾക്കകം സർക്കാർ വെട്ടിമാറ്റിയ അനുബന്ധ ഭാഗങ്ങൾ ‘കൊറിജണ്ടം’ ആയി വീണ്ടും സഭയിൽ വെക്കേണ്ടിവന്നു.
പ്രതിപക്ഷത്തിന്റെ വിയോജിപ്പുകൾ ഒന്നും നീക്കിയിട്ടില്ലെന്ന് മുതിർന്ന കാബിനറ്റ് മന്ത്രിമാർ സഭയിൽ ആണയിട്ട് പറഞ്ഞതിനു ശേഷമാണ് അത് സത്യവിരുദ്ധമായിരുന്നുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർക്കാർ നടപടി. വിവാദ വിഷയത്തിൽ സർക്കാറിനെ അപ്പടി വിശ്വസിച്ച് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ എടുത്ത സമീപനവും പ്രതിപക്ഷത്തിന്റെ പരാതി ബോധ്യപ്പെട്ട് ലോക്സഭ സ്പീക്കർ ഓം ബിർള കൈക്കൊണ്ട നടപടിയും വിപരീത ദിശയിലായതോടെയാണ് രാജ്യസഭയിൽ വെച്ച അപൂർണ റിപ്പോർട്ട് പൂർണമാക്കാൻ അടിയന്തരമായി ‘കൊറിജണ്ടം’ ഇറക്കിയത്. സർക്കാറിന് നാണക്കേടായ സംഭവ വികാസങ്ങൾക്കൊടുവിൽ പ്രതിപക്ഷത്തിന് ഇനിയും വല്ലതും ചേർക്കാനുണ്ടെങ്കിൽ അതിനും തയാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പറയാൻ നിർബന്ധിതനായി.
പാക് അതിർത്തിയിൽ അദാനിക്ക് ഭൂമി നൽകിയതിനെ തുടർന്നുണ്ടായ ബഹളത്തിൽ ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞതിനാൽ രാജ്യസഭയിൽ ആണ് വിയോജിപ്പുകൾക്ക് കത്രിക വെച്ച നിലയിലുള്ള വഖഫ് ജെ.പി.സി റിപ്പോർട്ട് ആദ്യം വെച്ചത്. റിപ്പോർട്ട് ബി.ജെ.പി അംഗമായ മേധ കുൽക്കർണി രാജ്യസഭയിൽ വെച്ചപ്പോഴേക്കും സയ്യിദ് നസീർ ഹുസൈൻ, അഞ്ജയ് സിങ്, ഹാരിസ് ബീരാൻ, നദീമുൽ ഹഖ്, സമീറുൽ ഇസ്ലാം എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി. തുടർന്ന് 11.20 വരെ സഭ നിർത്തിവെച്ചു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചതോടെ മറ്റുള്ളവർ നടുത്തളത്തിൽനിന്ന് കയറിയെങ്കിലും തൃണമൂൽ എം.പിമാരായ നദീമുൽ ഹഖും സമീറും നടുത്തളത്തിൽ തുടർന്നു. സമിതിയിലെ പ്രതിപക്ഷ എം.പിമാരുടെ വിയോജനക്കുറിപ്പുകൾ സ്വീകരിക്കാത്ത റിപ്പോർട്ട് വ്യാജമാണെന്നും ഭരണഘടന വിരുദ്ധവും ചട്ടവിരുദ്ധവുമായ കൃത്രിമ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു.
തെറ്റിദ്ധരിപ്പിച്ച് മന്ത്രിമാർ; മുഖവിലക്കെടുത്ത് ചെയർമാൻ
ന്യൂനപക്ഷ മന്ത്രാലയത്തിന്റെകൂടി ചുമതലയുള്ള പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അങ്ങനെ വെട്ടിമാറ്റൽ ഉണ്ടായില്ലെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ, നടുത്തളത്തിൽനിന്ന് നദീമുൽ ഹഖും സമീറുൽ ഇസ്ലാമും പ്രതിപക്ഷത്തിന്റെ വെട്ടിമാറ്റിയ വിയോജിപ്പുകളുടെ ഭാഗം ഉയർത്തിക്കാണിച്ച് സഭയുടെ നടുത്തളത്തിലേക്കോടി. മന്ത്രിമാരായ ജെ.പി. നഡ്ഡയും നിർമല സീതാരാമനും ഭൂപേന്ദ്ര യാദവും റിജിജുവിന്റെ വാദം ആവർത്തിക്കുമ്പോഴും ഇരുവരും പ്രതിപക്ഷം സമർപ്പിച്ച വിയോജനക്കുറിപ്പ് മൊബൈലിൽ ഉയർത്തിക്കാണിച്ച് അവരെ വായിച്ചുകേൾപ്പിച്ചു. ഡി.എം.കെയുടെ അബ്ദുല്ലയും നടുത്തളത്തിൽ അവർക്കൊപ്പം ചേർന്നു.
മന്ത്രിമാർ പറയുന്നത് മുഖവിലക്കെടുത്ത ചെയർമാൻ ജഗ്ദീപ് ധൻഖർ, പ്രതിപക്ഷം പറയുന്നത് തെറ്റാണെന്നും ഇരുവർക്കുമെതിരെ അവസാന നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനിടയിൽ നടുത്തളത്തിൽനിന്ന് കയറാതിരുന്ന സമീറിനെയും നദീമിനെയും അബ്ദുല്ലയെയും ഒരു ദിവസത്തേക്ക് സഭയിൽനിന്ന് പുറത്താക്കണമെന്ന് ജെ.പി. നഡ്ഡ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
എന്നാൽ, ഈ പ്രതിഷേധത്തിന് ശേഷം ലോക്സഭ സ്പീക്കർ ഓം ബിർളയെ ജെ.പി.സിയിലെ പ്രതിപക്ഷ എം.പിമാർ കണ്ട് വെട്ടിമാറ്റിയ ഭാഗങ്ങൾ കാണിച്ചതോടെ സെക്രട്ടറി ജനറലിനെ വിളിച്ച് അവ കൂട്ടിച്ചേർക്കാൻ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വെട്ടിമാറ്റിയ ഭാഗങ്ങൾകൂടി ചേർത്താണ് ലോക്സഭയിൽ ഉച്ചക്ക് രണ്ട് മണിക്കു ശേഷം ജെ.പി.സി റിപ്പോർട്ട് പ്രതിപക്ഷത്തിന്റെ മുർദാബാദ് വിളികൾക്കും ഭരണപക്ഷത്തിന്റെ ഭാരത് മാതാ കീ ജയ് വിളികൾക്കുമിടയിൽ ചെയർമാൻ ജഗദാംബിക പാൽ വെച്ചത്. റിപ്പോർട്ടിൽ ചേർക്കാതെ വിട്ടുകളഞ്ഞ ഭാഗം പാർലമെന്റിൽ വെച്ച റിപ്പോർട്ടിന്റെ അനുബന്ധമായി ചേർത്തുവെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു.
വിയോജിപ്പുകൾക്ക് കത്രിക വെച്ച് ജഗദാംബിക പാൽ സമർപ്പിച്ച റിപ്പോർട്ടിനെതിരെ പ്രതിപക്ഷ എം.പിമാർ ഒന്നടങ്കം നടുത്തളത്തിലിറങ്ങിയ സമയത്തെ അറിയിപ്പ് വിയോജിപ്പുകൾ വെട്ടിക്കളഞ്ഞതിനുള്ള സ്പീക്കറുടെ സ്ഥിരീകരണംകൂടിയായി. അതോടെ അപൂർണമായി മാറിയ രാജ്യസഭ റിപ്പോർട്ട് നിയമപരമായി സാധുവാക്കാൻ ലോക്സഭയിലെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്ത പ്രതിപക്ഷ വിയോജിപ്പുകൾക്ക് മാത്രമായി കൊറിജണ്ടം ഇറക്കി രാജ്യസഭയിൽ വെക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

