വോട്ടുറപ്പിക്കാൻ നേതൃതലപ്പത്ത് അഴിച്ചു പണിയുമായി ബി.ജെ.പി; അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി മുൻ വി.സി താരിഖ് മൻസൂറിനെ വൈസ് പ്രസിഡന്റായി നിയമിച്ചു
text_fieldsന്യൂഡൽഹി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കുന്നതിന്റെ ഭാഗമായി നേതൃ തലപ്പത്ത് സുപ്രധാന മാറ്റങ്ങളുമായി ബി.ജെ.പി. അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ താരിഖ് മൻസൂറിനെയാണ് ബി.ജെ.പി വൈസ് പ്രസിഡന്റായി നിയമിച്ചത്. കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചതാണ് മാറ്റങ്ങളിലൊന്ന്. തെരഞ്ഞെടുപ്പിൽ പസ്മണ്ട മുസ്‍ലിംകളുടെ വോട്ടുറപ്പിക്കാനാണ് യു.പിയിലെ ബി.ജെ.പി എം.എൽ.എയായ മൻസൂറിനെ വൈസ് പ്രസിഡന്റാക്കിയത്.
യു.പി എം.എൽ.എയായി നാമനിർദേശം ചെയ്യപ്പെട്ടതിന് ശേഷം മൻസൂർ ഈ വർഷാദ്യം അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി(എ.എം.യു) വൈസ് ചാൻസലർ സ്ഥാനം രാജിവച്ചിരുന്നു. 2017ലാണ് അദ്ദേഹം അഞ്ചുവർഷത്തേക്ക് എ.എം.യു വി.സിയായി ചുമതലയേറ്റത്.
2022 മേയിൽ കാലാവധി അവസാനിക്കാനിരിക്കെ, കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി സർവീസ് നീട്ടി. മുമ്പ് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആൻഡ് ആശുപത്രി പ്രിൻസിപ്പലായും എ.എം.യുവിൽ സർജറി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023ൽ ഇദ്ദേഹത്തെ പത്മ പുരസ്കാര കമ്മിറ്റി അംഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശം ചെയ്തു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗം കൂടിയായിരുന്നു.
കർണാടകയിൽ നിന്നുള്ള സി.ടി. രവിയെയും അസമിൽ നിന്നുള്ള ലോക്സഭ എം.പി ദിലീപ് സൈകിയയെയും ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചനയുണ്ട്.
13 വൈസ് പ്രസിഡന്റുമാരും ബി.എൽ സന്തോഷ് ഉൾപ്പെടെ ഒമ്പത് ജനറൽ സെക്രട്ടറിമാരും സംഘടനാ ചുമതലയുള്ള 13 സെക്രട്ടറിമാരും പട്ടികയിലുണ്ട്.2020 ൽ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ സരോജ് പാണ്ഡെയെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. ദേശീയ ജനറൽ സെക്രട്ടറിയായി ബി.എൽ സന്തോഷും ജോയിന്റ് ജനറൽ സെക്രട്ടറിയായി ശിവപ്രകാശും തുടരും.
ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാരായി നിയമിതരായ ഡി. പുരന്ദേശ്വരി, സി.ടി. രവി എന്നിവർക്ക് പകരം ഉത്തർപ്രദേശ് എം.എൽ.എ രാധ മോഹൻ അഗർവാൾ, തെലങ്കാന സംസ്ഥാന ഘടകം മുൻ പ്രസിഡന്റ് ബന്ദി സഞ്ജയ് എന്നിവരെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

