യുപിയിൽ ബിജെപിക്കും സീറ്റ് വിഭജന കുരുക്ക്; നൂറിലധികം സീറ്റ് ആവശ്യപ്പെട്ട് സഖ്യകക്ഷികൾ
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്-സമാജ്‌വാദി പാർട്ടി (എസ്.പി) സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകളാണ് മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതെങ്കിലും, സ്വന്തം സഖ്യകക്ഷികളുമായുള്ള ചർച്ചകളിൽ ഭരണകക്ഷിയായ ബിജെപിയാകും കൂടുതൽ കടുത്ത വെല്ലുവിളി നേരിടുക. പടിഞ്ഞാറൻ, കിഴക്കൻ ഉത്തർപ്രദേശിലായി വ്യത്യസ്ത സ്വാധീന മേഖലകളും തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളുമുള്ള നാല് പ്രധാന പ്രാദേശിക കക്ഷികളെ ഒന്നിച്ച് നിർത്തേണ്ട സങ്കീർണമായ രാഷ്ട്രീയ നീക്കത്തിലാണ് ബിജെപി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായിരുന്ന രണ്ട് കക്ഷികൾ ഇത്തവണ ബിജെപിക്കൊപ്പമുണ്ട്. ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി), ഓം പ്രകാശ് രാജ്ഭറിന്റെ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) എന്നിവയാണ് 2022ൽ എസ്.പി സഖ്യത്തിൽ നിന്ന് ചേരിമാറി എത്തിയത്. അനുപ്രിയ പട്ടേലിന്റെ അപ്നാ ദൾ (എസ്), സഞ്ജയ് നിഷാദിന്റെ നിഷാദ് പാർട്ടി എന്നിവ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം മത്സരിച്ച പഴയ എൻഡിഎ സഖ്യകക്ഷികളാണ്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി സഖ്യത്തിന്റെ ഭാഗമായി ആർ.എൽ.ഡി പടിഞ്ഞാറൻ യു.പിയിൽ 33 സീറ്റുകളിൽ മത്സരിച്ച് എട്ടിടത്ത് വിജയിച്ചിരുന്നു. 2014 മുതൽ ബി.ജെ.പി സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന മണ്ഡലങ്ങളിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ കക്ഷിയായിരുന്നു ആർ.എൽ.ഡി. അതേസമയം, കിഴക്കൻ യുപിയിൽ എസ്ബിഎസ്പി മത്സരിച്ച 19 സീറ്റുകളിൽ ആറിടത്ത് ജയിച്ചു. സ്വന്തം ജാതി-സമുദായ വോട്ട് ബാങ്കുകൾ ഉറപ്പാക്കിയ ഈ കക്ഷികൾ ഇത്തവണ ബി.ജെ.പിയോട് കടുത്ത വിലപേശലിനാണ് ഒരുങ്ങുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 376 സീറ്റിൽ മത്സരിച്ച് 255 ഇടത്ത് വിജയിച്ച ബി.ജെ.പി, 27 സീറ്റുകളാണ് സഖ്യകക്ഷികൾക്കായി മാറ്റിവെച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഏകദേശം 350 സീറ്റുകളിൽ മത്സരിക്കുകയും സഖ്യകക്ഷികൾക്കായി 50ഓളം സീറ്റുകൾ നൽകുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പരിമിതമായ ഈ സീറ്റുകളിൽ നാല് സഖ്യകക്ഷികളുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ എങ്ങനെ തൃപ്തിപ്പെടുത്തുമെന്നതാണ് പ്രധാന ചോദ്യം.
ഈ സങ്കീർണത മറികടക്കാൻ മുതിർന്ന നേതാക്കളെ ഓരോ സഖ്യകക്ഷിയുമായും പ്രത്യേകം ചർച്ച നടത്താൻ ബിജെപി നിയോഗിച്ചിട്ടുണ്ട്. ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, അപ്നാ ദൾ (എസ്) നേതാവ് അനുപ്രിയ പട്ടേലുമായി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകും ചർച്ച നടത്തും. നിഷാദ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദുമായി സംസ്ഥാന ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരിയും, എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭറുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ചർച്ചകൾക്ക് നേതൃത്വം നൽകും.
ഇതിനിടെ സഖ്യകക്ഷികൾ കൂടുതൽ സീറ്റുകൾക്കായി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. അനുപ്രിയ പട്ടേൽ 25 സീറ്റുകളും, ആർ.എൽ.ഡി 30 സീറ്റുകളും, എസ്.ബി.എസ്.പി 25 സീറ്റുകളും, നിഷാദ് പാർട്ടി 36 സീറ്റുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
2022ലെ തെരഞ്ഞെടുപ്പ് പ്രകടനം പഴയ സഖ്യകക്ഷികൾക്ക് ചർച്ചകളിൽ മുൻതൂക്കം നൽകുന്നുണ്ട്. 17 സീറ്റുകളിൽ മത്സരിച്ച് 12 സീറ്റുകൾ നേടിയ അപ്നാ ദൾ (എസിന്) ഏകദേശം 70 ശതമാനമായിരുന്നു വിജയശതമാനം. നിഷാദ് പാർട്ടി മത്സരിച്ച 10 സീറ്റുകളിൽ ആറെണ്ണത്തിൽ ജയിച്ച് 60 ശതമാനം സ്ട്രൈക്ക് റേറ്റ് സ്വന്തമാക്കി. കൂടാതെ ബി.ജെ.പി ചിഹ്നത്തിൽ മത്സരിച്ച ആറ് നിഷാദ് പാർട്ടി സ്ഥാനാർഥികളിൽ അഞ്ച് പേരും വിജയിച്ചു.
എന്നാൽ പുതിയ സഖ്യകക്ഷികളായ ആർ.എൽ.ഡിക്കും എസ്.ബി.എസ്.പിക്കും അത്ര മികച്ച പ്രകടനമായിരുന്നില്ല 2022ൽ ഉണ്ടായിരുന്നത്. 33 സീറ്റുകളിൽ മത്സരിച്ച് എട്ടെണ്ണത്തിൽ ജയിച്ച ആർ.എൽ.ഡിയുടെ വിജയശതമാനം ഏകദേശം 24 ശതമാനവും, 19ൽ ആറ് സീറ്റുകൾ നേടിയ എസ്.ബി.എസ്.പിയുടേത് ഏകദേശം 31 ശതമാനവുമായിരുന്നു. സാധാരണഗതിയിൽ ഈ കണക്കുകൾ പ്രകാരം കുറഞ്ഞതോ സമാനമായതോ ആയ സീറ്റുകളിൽ ഇവർ തൃപ്തിപ്പെടേണ്ടതാണ്. എങ്കിലും, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളായിരിക്കും ചർച്ചകളിൽ നിർണായകമാവുക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ ക്ഷീണവും, പത്ത് വർഷത്തെ ഭരണവിരുദ്ധ വികാരവും, സംസ്ഥാനത്തെ ജാതി സമവാക്യങ്ങളും ചൂണ്ടിക്കാട്ടി കൂടുതൽ സീറ്റുകൾ നേടിയെടുക്കാനാണ് സഖ്യകക്ഷികൾ ശ്രമിക്കുക.

