ഛത്തിസ്ഗഢിൽ മാധ്യമപ്രവർത്തകന്റെ മാതാപിതാക്കളെയും സഹോദരനെയും വെട്ടിക്കൊന്നു
text_fieldsജഗന്നാഥ്പൂർ (ഛത്തിസ്ഗഢ്): മാധ്യമപ്രവർത്തകന്റെ മാതാപിതാക്കളെയും സഹോദരനെയും ഛത്തിസ്ഗഢിൽ വെട്ടിക്കൊന്നു. സ്വത്തു തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
മാധ്യമ പ്രവർത്തകൻ സന്തോഷ് കുമാർ ടോപ്പോയുടെ മാതാപിതാക്കളായ മാഗെ ടോപ്പോ (57), ബസന്തി ടോപ്പോ (55), സഹോദരൻ നരേഷ് ടോപ്പോ (30) എന്നിവരാണ് ജഗന്നാഥ്പൂർ പ്രദേശത്തെ കൃഷിയിടത്തിൽ കൊല്ലപ്പെട്ടത്. കോടാലിയും വടിയും ഉപയോഗിച്ച് ഇവരുടെ തന്നെ കൂട്ടുകുടുംബത്തിലെ ചിലർ ചേർന്നാണ് ആക്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് കൊലപാതകം നടന്നത്. ബസന്തിയും നരേഷും മാരകമായി പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാഗെക്ക് ഗുരുതരമായി പരിക്കേറ്റു. സന്തോഷിൻ്റെ മറ്റൊരു സഹോദരനായ ഉമേഷ് ടോപ്പോ രക്ഷപ്പെട്ട് സമീപത്തെ ഗ്രാമവാസികൾക്ക് വിവരം നൽകുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തർക്കഭൂമിയെച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ മാസങ്ങളായി തർക്കം നിലനിന്നിരുന്നു. അക്രമികൾ മുമ്പ് കൃഷിയിറക്കിയിരുന്നുവെങ്കിലും കോടതി വിധി സന്തോഷിൻ്റെ കുടുംബത്തിന് അനുകൂലമായത് സംഘർഷം കൂടുതൽ രൂക്ഷമാക്കി. സംഭവം നടന്നയുടൻ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഖാർഗാവ, പ്രതാപൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

