'മാധ്യമപ്രവർത്തകർ ഭീകരവാദികളല്ല' -രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിൽ മാധ്യമപ്രവർത്തകനെ അർധരാത്രി കിടപ്പുമുറിയിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റുചെയ്ത പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മാധ്യമപ്രവർത്തകർ ഭീകരവാദികളല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പൊലീസ് നടപടി അമിതാധികാര പ്രയോഗമാണെന്ന് വിശേഷിപ്പിച്ച കോടതി ഝാർഖണ്ഡിൽ സമ്പൂർണ നിയമ ലംഘനമാണ് നടക്കുന്നതെന്നും വിലയിരുത്തി.
മാധ്യമപ്രവർത്തകന് ഇടക്കാലജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈകോടതി വിധിയിൽ ഇടപെടാൻ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ സുപ്രീംകോടതി െബഞ്ച് വിസമ്മതിച്ചു. 'നിങ്ങൾ മാധ്യമപ്രവർത്തകനെ അർധരാത്രി കിടപ്പുമുറിയിൽനിന്ന് വലിച്ചിഴച്ചു. ഇത് ഭീകരമാണ്. നിങ്ങൾ ഒരു മാധ്യമപ്രവർത്തകനെയാണ് നേരിട്ടത്. മാധ്യമപ്രവർത്തകർ ഭീകരവാദികളല്ല' -കോടതി പറഞ്ഞു.
പ്രാദേശിക ചാനലിലെ മാധ്യമപ്രവർത്തകനായ അരൂപ് ചാറ്റർജിയെ പിടിച്ചുപറി, ബ്ലാക്ക്മെയിലിങ് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുദിവസം ജയിലിൽ കിടന്ന ചാറ്റർജിക്ക് ഹൈകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.